ആ ചിത്രത്തിന്‍റെ ആകെ ബജറ്റിനേക്കാള്‍ വലിയ തുകയാണ് 'ചെട്ടികുളങ്ങര ഭരണിനാളില്‍' റീമേക്കിന് വേണ്ടിവന്നത് -മണിയൻപിള്ള രാജു
text_fieldsറീ റിലീസ് ട്രെന്‍ഡിലേക്ക് ഒരുങ്ങുന്ന അടുത്ത മോഹന്‍ലാൽ പടമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ റിലീസ് ചെയ്ത ചിത്രമാണിത്. രാജമാണിക്യത്തിന് ശേഷം അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രം മോഹന്‍ലാൽ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പ്രേംനസീര്‍ നായകനായ സിന്ധുവിലെ ഹിറ്റ് ഗാനം 'ചെട്ടികുളങ്ങര ഭരണിനാളില്‍' പുനരാവിഷ്കരിച്ചാണ് മോഹന്‍ലാല്‍ വാസ്കോയെ അവതരിപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയും കാര്‍ണിവലുമൊക്കെ പശ്ചാത്തലമാക്കി ഒരുക്കിയ കളര്‍ഫുള്‍ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഇന്‍ട്രൊഡക്ഷന് തന്നെ വൻ വരവേൽപ്പായിരുന്നു. ഇപ്പോഴിതാ ഛോട്ടോ മുംബൈയെ കുറിച്ച് നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'സിന്ധു' എന്ന ചിത്രത്തിന്‍റെ ആകെ ബജറ്റിനേക്കാള്‍ വലിയ തുകയാണ് ഛോട്ടാ മുംബൈയിലെ ചെട്ടികുളങ്ങര ഭരണിനാളില്‍ എന്ന ഗാനം ചിത്രീകരിക്കാൻ വേണ്ടിവന്നത്. പാട്ടിന്‍റെ റൈറ്റ്സ് വാങ്ങുന്നതായിരുന്നു ആദ്യ കടമ്പ. ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയ പാട്ടാണ്. അര്‍ജുനന്‍ മാഷ് ആണ് മ്യൂസിക്. പക്ഷേ അതിന്‍റെ റൈറ്റ്സ് അവര്‍ക്ക് അല്ല. മുംബൈയിലുള്ള എച്ച്.എം.വിക്കായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ ആദ്യം നാല് ലക്ഷം രൂപ പറഞ്ഞു. വിലപേശി ആ പാട്ടിന്‍റെ വരികള്‍ക്ക് അവസാനം ഞാന്‍ കൊടുത്തത് രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ്. അന്ന് നസീര്‍ സാറിനെ വെച്ച് എടുത്തപ്പോള്‍ ആ പടത്തിന് ആകെ ചെലവായത് രണ്ടര ലക്ഷം രൂപയാണ് മണിയന്‍പിള്ള രാജു പറഞ്ഞു.
വാസ്കോ ഡ ഗാമ(തല)യുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിനൊപ്പം കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്. രാഹുൽ രാജ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അളഗപ്പൻ എൻ ആണ്. ഡോൺ മാക്സാണ് എഡിറ്റിങ്. സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടികൾ നേടിയാണ് തിയറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയിലും ആരാധക പ്രതീക്ഷ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

