മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിൻെറ പ്രതികാരത്തിൽ നടിക്ക് നേരെ ആക്രമണം. ടെലിവിഷൻ താരം മാൽവി മൽഹോത്രക്ക് നേരെയാണ് ആക്രമണമുണ്ടായത്. നടിയെ അക്രമി കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കാറിൽ കയറി രക്ഷപ്പെട്ട യോഗേഷ് മഹിപാൽ സിങ് എന്നയാളെ ഏറെ വൈകാതെ മുംബൈ പൊലീസ് കണ്ടെത്തി.
ആക്രമണം നടന്ന് തൊട്ടടുത്ത ദിവസം തന്നെ മുംബൈയിൽ നിന്ന് 50 കിലോമീറ്റർ അകലെ പൽഗാർ ജില്ലയിലെ വാസൈയിലുള്ള ആശുപത്രിയിലാണ് പൊലീസ് അക്രമിയെ കണ്ടെത്തിയത്. ഇയാൾ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച രാത്രിയിലാണ് മാൽവിക്കെതിരെ ആക്രമണുണ്ടായത്. അടിവയറിലും ഇരു കൈകളിലും അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് നടി പറഞ്ഞു. തുടർന്ന് ഇയാൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തന്നെ ആക്രമിച്ചയാളെ കഴിഞ്ഞ ഒരു വർഷമായി അറിയാമെന്നും നടി പൊലീസിനോട് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ നടി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് മഹിപാൽ സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ട്.