കാരിക്കാമുറി ഷൺമുഖൻ വീണ്ടും? സോഷ്യൽമീഡിയ തൂക്കി മമ്മൂട്ടി ചിത്രം
text_fieldsമമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ ഗ്യാങ്‌സ്റ്റർ വേഷങ്ങളിൽ ഒന്നാണ് ബ്ലാക്ക് സിനിമയിലെ കരിക്കാമുറി ഷണ്മുഖൻ. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. ഇപ്പോഴെന്താ ഇത് പറയാൻ കാരണം എന്നല്ലേ? മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ സംസാരം. വർഷങ്ങൾക്ക് ഇപ്പുറം ഈ കഥാപാത്രം മറ്റൊരു രഞ്ജിത്ത് സിനിമയിലൂടെ മടങ്ങിവരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് ആക്കം കൂട്ടുകയാണ് ഇപ്പോൾ പുറത്തുവന്ന മമ്മൂട്ടിയുടെ ഒരു ചിത്രം.
കറുത്ത ഷർട്ടുമിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സംവിധായകൻ രഞ്ജിത്തിനെയും ചിത്രത്തിൽ കാണാം. ഇത് രഞ്ജിത്ത് സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിന്നാകാം എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. രഞ്ജിത് സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക്. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രത്തിന് ആരാധകരേറെയാണ്. സാധാരണ കണ്ടുവരാറുള്ള ബഹളമയമായ അധോലോക നായകന്മാരിൽ നിന്ന് വ്യത്യസ്തമായി, വളരെ പക്വതയുള്ളതും എന്നാൽ അങ്ങേയറ്റം അപകടകാരിയുമായ ഒരു കഥാപാത്രമായിരുന്നു ഇത്.
ഇപ്പോൾ ലീക്കായിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പിന് ഷൺമുഖനുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ കണ്ടെത്തൽ. സിനിമയിൽ കരിക്കാമുറി ഷണ്മുഖന്‍ ആയി മമ്മൂട്ടി എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളെ ഈ ചിത്രം ശരിവെക്കുന്നു എന്നും കമന്റുകളുണ്ട്. അഞ്ച് ദിവസത്തെ ഷെഡ്യൂള്‍ ആണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ ഉള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രകാശ് വര്‍മ്മക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിരാമി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം മമ്മൂട്ടി അതിഥിവേഷം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചത്താ പച്ചയിലാണ് ആദ്യ അതിഥി വേഷം. ഇതുവരെ കാണാത്ത ഗംഭീര ഗെറ്റപ്പിലാകും മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ. ജനുവരി 22ന് ചിത്രം തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

