മമ്മൂട്ടിയുടെ പ്രകടനം അമ്പരപ്പിക്കുന്നത്; എതിരഭിപ്രായമില്ലാതെ പുരസ്‌കാര നിർണയം, പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് പ്രകാശ് രാജ്
text_fieldsതിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ എതിരാളികളില്ലാത്ത പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനായത്. കൊടുമൺ പോറ്റിയായും ചാത്തനായുമുള്ള പകർന്നാട്ടങ്ങൾ ജൂറിയെ അമ്പരപ്പിച്ചു.
ജൂറിയിൽ എതിരഭിപ്രായമില്ലാതെയാണ് മമ്മൂട്ടിയെ അംഗീകരിച്ചത്. ‘ഭ്രമയുഗ’ത്തിലെ സൂക്ഷ്മപ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്നാണ് ജൂറി ചെയർമാൻ പ്രകാശ് രാജ് പ്രതികരിച്ചത്. മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ആസിഫ് അലി (ലെവൽ ക്രോസ്, കിഷ്‌കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എ.ആർ.എം) എന്നിവരുടെ പ്രകടനവും മികച്ചതാണെന്ന അഭിപ്രായവും പാനൽ മുന്നോട്ടുവെച്ചു.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസയുടെ പ്രകടനത്തെയും ഐകകണ്ഠേന അംഗീകരിച്ചു. ജ്യോതിർമയിയും (ബോഗെയ്‌ൻ വില്ല) ദർശന രാജേന്ദ്രനും (പാരഡൈസ്) ആദ്യ റൗണ്ടുകളിൽ ഒപ്പമുണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിൽ ഷംല തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പല വിഭാഗങ്ങളിലും മഞ്ഞുമ്മൽ ബോയ്‌സിന് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല.
പഴയ ‘കിടക്ക’ ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ സരസമായി പറഞ്ഞതിലൂടെ ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനായി. അവാര്‍ഡിന് പരിഗണിച്ച 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനക്ക് വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുമ്പ് പൂര്‍ത്തിയായി.
മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കുന്നത് എട്ടാം തവണ
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത് ഏഴാം തവണ. മികച്ച സഹനടൻ, സ്‌പെഷൽ ജൂറി, നിർമാതാവ് പുരസ്കാരങ്ങൾ വേറെയും സ്വന്തമാക്കിയിട്ടുണ്ട്.
മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ഒരുസാമ്യവുമില്ലാത്തതാണ് കൊടുമൺ പോറ്റി. പോറ്റിയായും ചാത്തനായുമുള്ള പരകായപ്രവേശം അതിമനോഹരമാക്കിയ മമ്മൂട്ടിക്കു മുന്നിൽ മറ്റ് നടന്മാർ കാര്യമായ മത്സരം കാഴ്‌ചവെച്ചോയെന്ന് സംശയിച്ചാലും തെറ്റുണ്ടാകില്ല. സിനിമയിൽ സജീവമായി 45 വർഷം പിന്നിടുമ്പോഴും പുതുതലമുറയിലെ താരങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് മമ്മൂട്ടി മുന്നേറുന്നത്. പുതിയ തലമുറയാണ് അവാർഡുകൾ എല്ലാം കൊണ്ടുപോയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ‘ഞാൻ എന്താ പഴയതാണോ? ഞാനും പുതിയ തലമുറയിൽപെട്ട ആളല്ലേ’ എന്ന മമ്മൂട്ടിയുടെ മറുപടിയിൽ തന്നെയുണ്ട് എല്ലാ ഉത്തരങ്ങളും. മാറുന്ന കാലത്തിനനുസരിച്ച് കഥാപാത്ര തിരഞ്ഞെടുപ്പിലും അവതരണത്തിലും പരീക്ഷണങ്ങൾ നടത്താൻ മമ്മൂട്ടി കാട്ടുന്ന ധൈര്യം സവിശേഷമാണ്.
അഹിംസയിലെ സഹനടനിലൂടെ ആരംഭിച്ച അവാർഡ് വേട്ട ഭ്രമയുഗത്തിൽ എത്തിനിൽക്കുമ്പോൾ പല റെക്കോഡുകളും ഈ മെഗാതാരത്തിന് സ്വന്തമാണ്. വില്ലൻ കഥാപാത്രങ്ങളിലൂടെ മികച്ച നടനാകുകയെന്നത് നിസ്സാര കാര്യമല്ല. അതിന് പുരസ്‌കാരം ലഭിക്കൽ അതിലും കഠിനം. വിധേയനിലെ ഭാസ്‌കരപ്പട്ടേലരിലൂടെ 1993ലും പാലേരിമാണിക്യത്തിലെ മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയിലൂടെ 2009ലും ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ 2025ലും മമ്മൂട്ടി തന്റെ നെഗറ്റീവ് ഷെയ്‌ഡുള്ള അഭിനയമികവിലൂടെ മികച്ച നടനായി. നന്മ നിറഞ്ഞ കഥാപാത്രങ്ങളെക്കാൾ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളിൽ നിറഞ്ഞാടുന്ന മമ്മൂട്ടി മാറുന്ന സിനിമക്കനുസരിച്ച് കഥാപാത്ര തിരഞ്ഞെടുപ്പുകളിലും മറ്റ് താരങ്ങളെക്കാൾ വളരെ മുന്നിലാണ്.
മൂന്ന് തവണ ദേശീയ പുരസ്‌കാരവും 14 തവണ ഫിലിംഫെയറും നേടിയ മമ്മൂട്ടിക്ക് 1998ൽ പത്‌മശ്രീയും 2010ൽ കാലിക്കറ്റ്, കേരള സർവകലാശാലകളിൽനിന്ന് ഓണററി ഡി-ലിറ്റ് ബഹുമതിയും 2022ൽ കേരളപ്രഭ പുരസ്‌കാരവും ലഭിച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ: മതിലുകൾ, വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബ സാഹേബ് അംബേദ്‌കർ (1998, ഇംഗ്ലീഷ്- ഹിന്ദി)
സംസ്ഥാന അവാർഡുകൾ: അഹിംസ (1981- സഹനടൻ), അടിയൊഴുക്കുകൾ (1984), യാത്ര, നിറക്കൂട്ട് (1985- സ്‌പെഷൽ ജൂറി), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്‌ച (2004), പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ (2009), നൻപകൽ നേരത്ത് മയക്കം (2022, നടൻ, നിർമാതാവ്), കാതൽ: ദ കോർ (2023, നിർമാതാവ്), ഭ്രമയുഗം (2025).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

