വിശ്വസിച്ച ചിത്രം! 'കണ്ണൂർ സ്ക്വാഡി'നെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി...
text_fieldsമികച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടി മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡ്' തിയറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ്. സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രം ഒന്നാം ദിവസം ആറ് കോടി രൂപയാണ് ആഗോളതലത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.
തിയറ്ററിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുമ്പോൾ 'കണ്ണൂർ സ്ക്വാഡി'നെ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് മെഗാസ്റ്റാർ. സോഷ്യൽ മീഡിയയിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമാണെന്നും ലഭിക്കുന്ന പ്രതികരണങ്ങൾ ഏറെ സന്തോഷം നൽകുന്നതാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
'കണ്ണൂര്‍ സ്ക്വാഡിന് നല്‍കിയ പിന്തുണ ഞങ്ങൾ മുഴുവൻ ടീം അംഗങ്ങളുടെയും ഹൃദയം നിറക്കുന്നു. നിങ്ങൾ ഓരോരുത്തർക്കും വളരെയധികം നന്ദിയുണ്ട്. നാമെല്ലാവരും ആഴത്തിൽ വിശ്വസിക്കുകയും ആത്മാർഥമായി പരിശ്രമിക്കുകയും ചെയ്ത സിനിമയാണിത്. ഇത്രയധികം സ്നേഹം ലഭിച്ചതിന് വളരെ സന്തോഷമുണ്ട്' എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
ഹൈപ്പില്ലാതെ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണിത്. റോബി വർഗീസ് രാജിന്റെ സംവിധാനം ചെയ്ത ചിത്രത്തിൽ റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടനും റോബിയുടെ സഹോദരനുമായ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.