‘ഈ ബഹുമതി സിനിമാ ലോകത്തിനും ആരാധകർക്കും സമർപ്പിക്കുന്നു...’; പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
text_fieldsന്യൂഡൽഹി: പത്മഭൂഷൺ ബഹുമതി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നു ഏറ്റുവാങ്ങിയതിനു പിന്നാലെ സിനിമ ലോകത്തിനും ആരാധകർക്കും നന്ദി പറഞ്ഞ് പ്രിയ നടൻ മമ്മൂട്ടി. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളാണ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള അഞ്ചുപേർ ഏറ്റുവാങ്ങിയത്.
‘പത്മഭൂഷൻ ബഹുമതിയിൽ വിനയവും ആദരവും തോന്നുന്നു. ഈ അഭിമാനകരമായ അംഗീകാരത്തിന് കേന്ദ്ര സർക്കാറിനോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈയൊരു ബഹുമതി അഞ്ച് പതിറ്റാണ്ട് നീണ്ട എന്റെ യാത്രയുടെ പ്രതിഫലനമാണ്. നിങ്ങൾ, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന അനന്തമായ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണക്കും നന്ദി. ഈ പുരസ്കാരം സിനിമയെന്ന മനോഹര ലോകത്തിനും നിങ്ങൾക്കും സമർപ്പിക്കുന്നു’ -മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയപാടവത്തിനുള്ള ആദരമാണ് മമ്മൂട്ടിക്കുള്ള പത്മഭൂഷൺ പുരസ്കാരം. ഭാര്യ സുൽഫത്ത്, മക്കളായ ദുൽഖർ സൽമാൻ, സുറുമി എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാനായി രാഷ്ട്രപതിയുടെ അടുത്തെത്തിയത്. മമ്മൂട്ടി ബഹുമതി സ്വീകരിക്കുമ്പോൾ, സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാം.
കൂടാതെ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, മുതിർന്ന മാധ്യമപ്രവർത്തകനും ആർ.എസ്.എസ് സൈദ്ധാന്തികനുമായ പി. പി. നാരായണൻ എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിച്ചു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്കാരവും നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി. മേയ് 25ന് നടന്ന ഒന്നാംഘട്ട പത്മ പുരസ്കാര സമർപ്പണ ചടങ്ങിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ആലപ്പുഴ സ്വദേശി ദേവകിയമ്മ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

