Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന ‘ഓം’ കേരളത്തിലെത്തിക്കാൻ ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്

text_fields
bookmark_border
മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന ‘ഓം’ കേരളത്തിലെത്തിക്കാൻ ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്
cancel

കൊച്ചി: മലയാളത്തിൽ മോഹൻലാൽ ചിത്രത്തിന്റെ നിർമാണം, തമിഴിൽ മമ്മൂട്ടി-ധനുഷ് ചിത്രത്തിന്റെ വിതരണം. സിനിമയുടെ നിർമാണ, വിതരണ മേഖലകളിൽ ഒരുപോലെ സജീവമാകുകയാണ് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. മമ്മൂട്ടിയും ധനുഷും ആദ്യമായി പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന തമിഴ് ചിത്രം 'ഓം' കേരളത്തിലെ തിയറ്ററുകളിലെത്തിക്കാനുള്ള വിതരണാവകാശം കമ്പനി സ്വന്തമാക്കി. 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20ന് ലോകമെമ്പാടും റിലീസ് ചെയ്യും. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

'ഓം ചാപ്റ്റർ വൺ - ഉധിരം: ദ ബ്ലഡ് വുഡ്' എന്നാണ് ചിത്രത്തിന്റെ പൂർണ പേര്. എട്ടുവർഷത്തോളത്തെ ഇടവേളക്കുശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. 2019ൽ പുറത്തിറങ്ങിയ റാമിന്റെ 'പേരൻപ്' ആയിരുന്നു മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ ലുക്കും ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ധനുഷിനൊപ്പം മമ്മൂട്ടി എത്തുന്നതോടെ കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

മലയാളത്തിൽ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിന്റെ കേരള വിതരണാവകാശവും കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. നിർമാണത്തിനൊപ്പം സിനിമാ വിതരണരംഗത്തും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

സായ് പല്ലവിയാണ് 'ഓമി'ൽ നായികയായി എത്തുന്നത്. ബോളിവുഡ് താരം നസീറുദ്ദീൻ ഷാ, ശ്രീലീല, മലയാളി താരം ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോയും പോസ്റ്ററുകളും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും 'ഓം' എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷു രാമസാമിയാണ് ക്രിയേറ്റിവ് പ്രൊഡ്യൂസർ. സായ് അഭയങ്കർ സംഗീതവും എഴിൽ അരസൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആർ. കലൈവാനനാണ് എഡിറ്റിങ്. യാനിക് ബെൻ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നു.

നേരത്തേ ഒക്ടോബർ 16ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം രജനികാന്തിന്റെ 'ജയിലർ 2', സൂര്യയുടെ 'സീൻ' എന്നീ ചിത്രങ്ങളുമായുള്ള റിലീസ് മത്സരം ഒഴിവാക്കാനാണ് നവംബർ 20ലേക്ക് മാറ്റിയത്. മമ്മൂട്ടിയുടെ തമിഴ് തിരിച്ചുവരവും ധനുഷിന്റെ സാന്നിധ്യവും രാജ്കുമാർ പെരിയസാമിയുടെ സംവിധാനവും ഒത്തുചേരുന്ന 'ഓം' കേരളത്തിലും മികച്ച തിയറ്റർ പ്രദർശനം ലക്ഷ്യമിട്ടാണ് എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty-Dhanush's Om Kerala Distribution Rights Acquired
Next Story