'മമ്മൂട്ടി സി ക്ലാസ് നടൻ, മോഹൻലാൽ ഛോട്ടാ ഭീം'; അറസ്റ്റിലായ കെ.ആർ.കെയുടെ പരിഹാസത്തിനിരയായവരേറെ
text_fieldsഅന്തരിച്ച ബോളിവുഡ് നടന്മാരായ ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരെ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ നടനും സിനിമ നിരൂപകനുമായ കമാൽ ആർ. ഖാൻ എന്ന കെ.ആർ.കെ എന്നും വിവാദ നായകൻ. പല സെലിബ്രിറ്റികൾക്കുമെതിരായ അദ്ദേഹത്തിന്റെ വിമർശനങ്ങൾ വിവാദമായിരുന്നു. അമിതാബ് ബച്ചൻ മുതൽ ഷാറൂഖ് ഖാനും ആമിർ ഖാനും മമ്മൂട്ടിയും മോഹൻലാലും വരെ ഇദ്ദേഹത്തിന്റെ പരിഹാസത്തിനിരയായിട്ടുണ്ട്.
മലയാളികളുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമെതിരായ പരാമർശം ആരാധകരുടെ കടുത്ത രോഷത്തിനിടയാക്കിയിരുന്നു. മോഹൻലാല്‍ ഭീമനായി അഭിനയിക്കുന്നതിനെതിരെ 'മോഹന്‍ലാല്‍ ഭീം അല്ല ഛോട്ടാ ഭീം' ആണെന്നായിരുന്നു കെ.ആർ.കെയുടെ പരിഹാസം. ഇതിനെതിരെ ചലച്ചിത്രലോകവും ആരാധകരും ഒന്നടങ്കം രൂക്ഷമായി പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ കെ.ആർ.കെക്കെതിരെ ട്രോളുകള്‍ നിറയുകയും ഫേസ്ബുക്ക് ഹാക്ക് ചെയ്യുകയുമുണ്ടായി. ഒടുവില്‍ മോഹന്‍ലാലിനോട് മാപ്പ് പറയേണ്ടി വന്നു. ''മോഹൻലാൽ സർ, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിന് മാപ്പ്. കാരണം എനിക്ക് നിങ്ങളെ അത്ര അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പർ താരമാണെന്നും മനസ്സിലാക്കുന്നു'' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മമ്മൂട്ടിയെ സി ക്ലാസ് നടനാണെന്നായിരുന്നു പരിഹസിച്ചത്. ഇതിനെതിരെയും ആരാധക രോഷം ഉണ്ടായി.
സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ ഷാറൂഖ് ഖാനും കരൺ ജോഹറിനുമെതിരായ കെ.ആർ.കെയുടെ ഫേസ്ബുക്ക് പോസ്റ്റും ഏറെ വിമർശനത്തിനിടയാക്കി. ഷാരൂഖ്-കരൺ ജോഹർ ജോഡികള്‍ക്ക് തന്റെ ആശംസകള്‍' എന്നായിരുന്നു പോസ്റ്റ്.
ഒരിക്കൽ ആമിര്‍ ഖാന്റെ പരാതിയെ തുടർന്ന് കെ.ആർ.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിരുന്നു. തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞായിരുന്നു അന്ന് രംഗത്തെത്തിയത്. തന്റെ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്‌പെന്‍സ് കെ.ആര്‍.കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിര്‍ ഖാനെ ചൊടിപ്പിച്ചത്.
സൽമാൻ ഖാനെയും കെ.ആർ.കെ വെറുതെ വിട്ടിരുന്നില്ല. രാധെ എന്ന ചിത്രത്തിന് മോശം റിവ്യു നൽകുകയും വ്യക്തിപരമായ അധിക്ഷേപം നടത്തുകയും ചെയ്തതോടെ സൽമാൻ ഖാൻ മാനനഷ്ടക്കേസ് നൽകി. ഇതോടെ സൽമാനെ നശിപ്പിക്കുമെന്നും ഒടുവിൽ ടെലിവിഷൻ സീരിയലുകളിൽ അഭയം തേടേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായാണ് കെ.ആർ.കെ എത്തിയത്.
ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെയും കാമുകിയും ബോളിവുഡ് നടിയുമായ നടാഷ സ്റ്റാൻകോവിച്ചിനെയും പരിഹസിക്കുന്ന പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നടാഷയോട് ഹാർദിക് വിവാഹാഭ്യർഥന നടത്തുന്ന ചിത്രങ്ങളാണ് ട്രോൾ രൂപത്തിൽ കമാൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ക്രിക്കറ്റ് ആരാധകരുടെ രോഷം നേരിടേണ്ടി വന്നു.
തമിഴ് സൂപ്പർ താരം അജിത് നായകനായി ശിവ സംവിധാനം ചെയ്ത വിവേകം ലോകവ്യാപകമായി റിലീസ് ചെയ്തപ്പോഴും രൂക്ഷ വിമര്‍ശനവുമായി കെ.ആർ.കെ രംഗത്തെത്തിയിരുന്നു. അജിത്തിന് വയസ്സായെന്നും അദ്ദേഹത്തിന് പറ്റുന്നത് അച്ഛൻ വേഷങ്ങളാണെന്നുമായിരുന്നു വിമര്‍ശനം. ''വയസ്സന്മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യുന്നത്. അവിടെ അജിത്തിനും അതേ കിട്ടൂ. തമിഴ്‌നാട്ടുകാര്‍ അജിത്തിനെപ്പോലുള്ളവരെ നായകന്മാരാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ല'' എന്നിങ്ങനെയായിരുന്നു ട്വീറ്റ്.
നടന്മാർക്കെതിരെ മാത്രമല്ല, നടിമാരുടെ ശരീരഭാഗങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ കെ.ആര്‍.കെയുടെ വിനോദമാണ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ കെ.ആര്‍.കെയുടെ അധിക്ഷേപത്തിന് ഇരയായവർ ഏറെയാണ്.
വയറ്റില്‍ അര്‍ബുദമാണെന്നും അത് മൂന്നാമത്തെ സ്‌റ്റേജിലെത്തിയെന്നും ഇനി ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസ്സ് കൂടിയേ ശേഷിക്കുന്നുള്ളൂവെന്നുമുള്ള 2018ലെ കെ.ആർ.കെയുടെ ട്വീറ്റ് ഏറെ ചർച്ചക്കിടയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.