ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കില്ല -വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
text_fields2018 എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ജൂഡ് ആന്‍റണിയെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. 'ജൂഡ് ആന്റണിയുടെ തലയിൽ കുറച്ച് മുടി കുറവെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്ന' മമ്മൂട്ടിയുടെ വാക്കുകളാണ് വിവാദമായത്.
'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രെയ്‍ലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി'- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
'ഏറെ ബഹുമാനിക്കുന്ന മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്' എന്ന് വിഷയത്തിൽ പ്രതികരിച്ച് ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു.
'മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയിമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍ , വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍' -എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വിമർശനം വ്യപകമായിരുന്നു. ഇതോടെയാണ് ഇപ്പോൾ മമ്മൂട്ടിയുടെ ഖേദപ്രകടനം വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

