
അഖിൽ അക്കിനേനിയുടെ ബിഗ് ബജറ്റ് ചിത്രം 'ഏജൻറി'ൽ മമ്മൂട്ടിയും; ചിത്രീകരണത്തിനായി യൂറോപ്പിലേക്ക്
text_fieldsമെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ടോളിവുഡിലേക്ക്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും നടി അമലയുടെയും മകനായ അഖിൽ അക്കിനേനി നായകനാകുന്ന 'ഏജൻറ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് താരമെത്തുന്നത്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ 'യാത്ര'യിലാണ് മമ്മൂട്ടി അവസാനമായി തെലുങ്ക് സംസാരിച്ചത്.
ഏജൻറിൽ ഒരു പട്ടാള ഉദ്യോഗസ്ഥെൻറ വേഷത്തിലാണ് മമ്മൂട്ടിയെത്തുക. നേരത്തെ മോഹൻലാൽ, കന്നട സൂപ്പർതാരം ഉപേന്ദ്ര എന്നിവരെ ഇതേ റോളിലേക്ക് പരിഗണിച്ചിരുന്നു. ഹോളിവുഡ് ആക്ഷൻ ത്രില്ലർ ബോൺ സീരിസിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ സ്പൈ ഏജൻറായാണ് അഖിൽ അഭിനയിക്കുന്നത്. മമ്മൂട്ടി ഈ സിനിമയ്ക്ക് റെക്കോർഡ് പ്രതിഫലമാണ് വാങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്.
നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത സുരേന്ദർ റെഡ്ഡിയാണ് ഏജൻറ് സംവിധാനം ചെയ്യുന്നത്. വക്കാന്തം വംശി രചന നിർവഹിച്ചിരിക്കുന്നു. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം.
