അന്ന് ദളപതിക്കൊപ്പം, ഇപ്പോൾ സൂര്യയും! കത്തികയറി മമിതാ ബൈജു
text_fieldsതമിഴ് സിനിമയിൽ കത്തികയറുകയാണ് മലയാളി യുവനടിയായ മമിതാ ബൈജു. കുറഞ്ഞ സമയത്തിനുള്ളിൽ തന്‍റേതായ സ്ഥാനം പ്രേക്ഷകരുടെ ഇടയിൽ നേടിയെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. പ്രേമലുവിലൂടെ നായിക റോളിലേക്കെത്തിയ മമിത ആ ചിത്രത്തിലൂടെ തന്നെ സൗത്ത് ഇന്ത്യ മുഴുവൻ ട്രെൻഡ് ആയി മാറിയിരുന്നു.
പ്രേമലുവിന് ശേഷം മലയാളത്തിൽ സിനിമകളൊന്നും വന്നില്ലെങ്കിൽ തമിഴ്, തെലുഗ് ചിത്രങ്ങളിൽ താരം സജീവമാണ്. തമിഴകത്തിന്‍റെ നടിപ്പിൻ നായകൻ സൂര്യയൊടൊപ്പമുള്ള ചിത്രമാണ് മമിതയുടേതായി അടുത്ത വരുന്ന ചിത്രം. ലക്കി ഭാസ്കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശ്ഷം വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചതിന്‍റെ ഫോട്ടൊയാണ് മമിത ഷെയർ ചെയ്തത്. നായികവേഷത്തിലാണ് താരമെത്തുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. സൂര്യയുടെ 46ാമതായി എത്തുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തില്‍ മമിത നായികയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജനനായകന്‍ എന്ന റിലീസിനൊരുങ്ങുന്ന ദളപതി വിജയ് ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ മമിത എത്തുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമാകുമെന്ന് കരുതപ്പെടുന്ന സിനിമയാണിത്. എച്ച്. വിനോദിന്‍റെ സംവിധാനത്തിലാണ് ജനനായകൻ ഒരുങ്ങുന്നത്.
റെബല്‍ എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി റിലീസ് ചെയ്തിട്ടുള്ള തമിഴ് ചിത്രം. ജിവി പ്രകാശ് കുമാര്‍ നായകനായി എത്തിയ സിനിമക്ക് മികച്ച അഭിപ്രായമല്ല ലഭിച്ചത്. ഇരണ്ടു വാനം എന്ന ചിത്രവും മമിത അനൗണ്‍സ് ചെയ്തിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രങ്ങളിലെ നാഴികക്കല്ലായി മാറിയ തമിഴ് ചിത്രം രാക്ഷസന്റെ ടീം ഒരുക്കുന്ന ചിത്രമാണിത്. വിഷ്ണു വിശാല്‍ നായകനാകുന്ന ചിത്രം ടി ജി ത്യാഗരാജനാണ് നിര്‍മിക്കുന്നത്. രാം കുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സെൻസേഷൻ താരമായ പ്രദീപ് രംഗനാഥന്‍റെ അടുത്ത ചിത്രമായ ഡ്യൂഡിലും മമിതയാണ് നായികാവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

