ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് നാല് മലയാള ചിത്രങ്ങൾ
text_fieldsനാല് മലയാള സിനിമകളാണ് ഈ ആഴ്ച ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നത്. മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രങ്ങൾ സെപ്റ്റംബർ 26ന് ഒ.ടി.ടിയിൽ എത്തും. ഇതിൽ ഓടും കുതിര ചാടും കുതിര, ഹൃദയപൂർവം എന്നീ രണ്ട് ഓണ ചിത്രങ്ങളും ഉൾപ്പെടുന്നു. സുമതി വളവ്, സർക്കീട്ട് എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ഹൃദയപൂർവം
മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് തിയറ്ററിൽ എത്തിയയത്. എന്നാൽ ആഗസ്റ്റ് 28ന് റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. അവയവദാനമാണ് ചിത്രത്തിന്‍റെ പ്രമേയം.
സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ്.
സുമതി വളവ്
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രമാണ് 'സുമതി വളവ്'. നാട്ടുകാർ പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ അറിയുന്ന തിരുവനന്തപുരം ജില്ലയിലെ സുമതി വളവിന്‍റെ കഥ പറയുന്ന സിനിമയാണിത്. ആഗസ്റ്റ് ഒന്നിനാണ് 'സുമതി വളവ്' തിയറ്ററുകളിലെത്തിയത്.
ചിത്രം സെപ്റ്റംബർ 26 മുതൽ സീ5ൽ സ്ട്രമിങ് ആരംഭിക്കും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്, സിദ്ധാർഥ് ഭരതൻ, ഗോപിക അനിൽ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സർക്കീട്ട്
ആസിഫ് അലി പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം മേയ് എട്ടിനാണ് തിയറ്ററുകളിൽ എത്തിയത്. ആസിഫ് അലി ആരാധകർ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം ഒ.ടി.ടിയിലെത്താനൊരുങ്ങുകയാണ്.
ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധത്തിന്‍റേയും സൗഹൃദത്തിന്‍റേയും കഥയാണ് സർക്കീട്ട്. ആസിഫ് അലിയും ബാലതാരം ഓർസാനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയറ്ററുകളിൽ എത്തി ഏകദേശം നാല് മാസങ്ങൾക്ക് ശേഷം ഡിജിറ്റൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സർക്കീട്ട്. ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം മനോരമ മാക്സ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ 26ന് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചു.
ഓടും കുതിര ചാടും കുതിര
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് സലീം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും.
'ഞണ്ടുകളുടെ നാട്ടിലൊരിടവേള'ക്ക്ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

