ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള സിനിമകൾ
text_fieldsപ്രേക്ഷകർ ഏറെ കാത്തിരുന്ന കുറച്ച് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത്. കഴിഞ്ഞ ആഴ്ച മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം തുടരും ഒ.ടി.ടിയിൽ എത്തിയിരുന്നു. ഈ ആഴ്ച മൂന്ന് മലയാള ചിത്രങ്ങളാണ് ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. പടക്കളം, ആലപ്പുഴ ജിംഖാന, കർണിക എന്നിവയാണ് ഈ ആഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
പടക്കളം
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ജൂൺ പത്തിന് ചിത്രം ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യാവസാനം ഒരു ഗെയിം മോഡിലാണ് പടക്കളം കഥ പറയുന്നത്. മേയ് എട്ടിനാണ് പടക്കളം തിയറ്ററുകളിലെത്തിയത്.
ഫാന്റസി കോമഡി ചിത്രമായ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം.
ആലപ്പുഴ ജിംഖാന
ഒ.ടി.ടിയിൽ എത്താൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന. 2025 ഏപ്രിൽ 10ന് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജൂൺ അഞ്ച് മുതിൽ ഒ.ടി.ടിയിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇപ്പോൾ, തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം, ജൂൺ 13ന് സോണിലിവിലൂടെ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കും.
നസ്ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
കർണിക
പയ്യാവൂർ എന്ന ഗ്രാമത്തിൽ ഒരു എഴുത്തുകാരൻ ഒരു ദുരൂഹ ആക്രമണത്തിന് ഇരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രില്ലർ ചിത്രമാണ് 'കർണിക'. അരുൺ വെൺപാല സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയങ്ക നായർ, വിയാൻ മംഗലശേരി, ടി. ജി. രവി, ക്രിസ് വേണുഗോപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനോരമ മാക്സിലൂടെയാണ് കർണിക ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.