ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള സിനിമകൾ
text_fieldsഈ ആഴ്ച മൂന്ന് മലയാള ചിത്രങ്ങളാണ് ഒ.ടി.ടിയിൽ എത്തുന്നത്. ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി', വി. സി. അഭിലാഷ് സംവിധാനം ചെയ്ത 'എ പാൻ ഇന്ത്യൻ സ്റ്റോറി', ലാലു അലക്സ് പ്രധാന വേഷത്തിൽ എത്തിയ 'ഇമ്പം' എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ കാണാനാകുന്ന സിനിമകൾ. എ പാൻ ഇന്ത്യൻ സ്റ്റോറി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര കുറ്റവാളി
ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. ജൂൺ ആറിനാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തിയറ്റർ റിലീസ് ചെയ്ത് നാല് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ അരങ്ങേറ്റം കുറിക്കാനെത്തുന്നത്. ഒക്ടോബർ 17 മുതൽ സീ5ൽ ചിത്രം ലഭ്യമാകുമെന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
തുളസി, ശ്രേയ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജ ദാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എ പാൻ ഇന്ത്യൻ സ്റ്റോറി
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി. സി. അഭിലാഷ് സംവിധാനം ചെയ്ത 'എ പാൻ ഇന്ത്യൻ സ്റ്റോറി' സ്ട്രീമിങ് ആരംഭിച്ചു. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദിക്കാണ് ചിത്രം നിർമിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്‍റണി, ധർമജൻ ബോൾഗാട്ടി, രമ്യ സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം വിസ്മയ ശശികുമാറാണ് നായിക. ചിത്രം ഐ.എഫ്.എഫ്.കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഒക്ടോബർ 12 മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
ഇമ്പം
ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'ഇമ്പം'. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമിച്ച സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഒരു പഴയകാല പബ്ലിഷിങ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ നർമത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനര്‍ ആണ്. ഒക്ടോബർ 17 മുതൻ സൺനെക്സ്റ്റിൽ സ്ട്രീം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

