ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
text_fieldsമൂന്ന് മലയാള ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയത്.
അഭിലാഷം
മലബാറിന്‍റെ പശ്ചാത്തലത്തിൽ പ്രണയകഥ അവതരിപ്പിച്ച അഭിലാഷം ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രം സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്നാണ് നിർമിച്ചത്. സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം മേയ് 23 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.
മലപ്പുറത്തെ രണ്ട് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുകയാണ് ചിത്രത്തിൽ. അർജുൻ അശോകൻ, ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുർ, നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരാണ് മറ്റുതാരങ്ങൾ.
ഹണ്ട്
ഭാവന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹണ്ട്'. ഒരു വർഷം മുമ്പാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രം ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന-ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണ്. മേയ് 23 മുതൽ മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
ഒരു മെഡിക്കൽ കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. ചന്തുനാഥ്, രഞ്ജി പണിക്കർ, അദിതി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
പറന്നു പറന്നു പറന്നു ചെല്ലൻ
ജിഷ്ണു ഹരീന്ദ്രയുടെ സംവിധാനത്തിൽ സിദ്ധാർഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' എന്ന ചിത്രവും ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. ഒരു പാലക്കാടൻ ഗ്രാമത്തിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

