ഡൗൺ സിൻഡ്രോമുള്ളയാൾ കേന്ദ്ര കഥാപാത്രം; 'തിരികെ' ഫെബ്രുവരി 26 മുതൽ നീസ്ട്രീമിൽ
text_fieldsകൊച്ചി: ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി 'തിരികെ' പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 26ന് മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് 'തിരികെ' റിലീസ് ചെയ്യുക.
'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള'യ്ക്ക് ശേഷം ജോർജ് കോരക്കൊപ്പം സാം സേവ്യറും ഒന്നിച്ചപ്പോഴാണ് പതിവിൽ നിന്നും വ്യത്യസ്തമായ ഈ ചിത്രം പിറവിയെടുത്തത്. ഡൗൺ സിൻഡ്രോം ബാധിച്ച സെബുവിന്‍റെയും സഹോദരൻ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ ആണ് ഈ സിനിമ കടന്നുപോകുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഡൗൺ സിൻഡ്രോമുള്ള ഒരാൾ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സെബു ആയി അഭിനയിക്കുന്ന ഗോപികൃഷ്ണൻ തന്നെ തന്‍റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
ഡൗൺ സിൻഡ്രോം ഉള്ള വ്യക്തി എന്ന രീതിയിൽ ചിത്രീകരിക്കാതെ സാധാരണ ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയം, നർമ്മം എന്നിവയെല്ലാം ചേർത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 'സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ് ഈ കുഞ്ഞുങ്ങൾ' എന്ന ആശയമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്.
നേഷൻ വെെഡ് പിക്ചേഴ്സിന്‍റെ ബാനറിൽ എബ്രഹാം ജോസഫും ദീപക് ദിലീപ് പവാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിർമ്മാതക്കൾ ഡിജോ കുര്യൻ, റോണിലാൽ ജെയിംസ്, മനു മറ്റമന, സിജോ പീറ്റർ, പോൾ കറുകപ്പിള്ളിൽ എന്നിവരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോർജ് കോര. അങ്കിത് മേനോൻ സംഗീതം നൽകിയിരിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ചെറിൻ പോൾ ആണ്. ശാന്തി കൃഷ്ണ, നമിത കൃഷ്ണമൂർത്തി, സരസ ബാലുശേരി, ഗോപൻ മാങ്ങാട്ട്, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെൻ തുടങ്ങിയ പ്രമുഖർ പ്രാധാന വേഷങ്ങളിൽ എത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

