ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള സിനിമകൾ
text_fieldsഈ ആഴ്ച മലയാളത്തിൽ നിന്ന് മൂന്ന് സിനിമകളാണ് ഒ.ടി.ടിയിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ജിതിൻ കെ.ജോസ് ചിത്രം കളങ്കാവൽ ഈ ആഴ്ച ഒ.ടി.ടിയിൽ എത്തും. ജോഷ് സംവിധാനം ചെയ്ത കിർക്കനാണ് ഒ.ടി.ടിയിൽ എത്തുന്ന രണ്ടാമത്തെ ചിത്രം. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഭഭബയും ഈ ആഴ്ച ഒ.ടി.ടിയിൽ എത്തും.
കളങ്കാവൽ
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് കളങ്കാവൽ. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജനുവരി 16ന് സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമിച്ചത്.
2000ത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
കിർക്കൻ
ജോഷ് സംവിധാനം ചെയ്ത ചിത്രമാണ് കിർക്കൻ. വിജയരാഘവൻ, സലിം കുമാർ, കനി കുസൃതി, ജോണി ആന്‍റണി, അനാർക്കലി മരിക്കാർ, അപ്പാനി ശരത്, മീര വാസുദേവ്, മഖ്ബൂൽ സൽമാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമാതാക്കൾ. ചിത്രം ജനുവരി 15 മുതൽ സൺനെക്സ്റ്റിൽ സ്ട്രീം ചെയ്യും. 2005ൽ കോട്ടയത്ത് നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
ഭഭബ
ബലാത്സംഗ കേസിൽ കുറ്റവിമുക്തനായ ശേഷമുള്ള ദിലീപിന്റെ ആദ്യ റിലീസാണ് 'ഭഭബ'. ഡിസംബർ 18നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രത്തിന്‍റെ സംവിധായകൻ. മോഹൻലാൽ, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരൊക്കെ ഉണ്ടായിട്ടും ചിത്രത്തിന് പിടിച്ചു നിൽക്കാനായില്ല. ജനുവരി 16 മുതൽ ചിത്രം സീ5ൽ സ്ട്രീമിങ് ആരംഭിക്കും. റിലീസിന് ശേഷം വലിയ വിമർശനങ്ങളാണ് ചിത്രം നേരിട്ടത്.
റേപ്പ് ജോക്കുകളെ സാധാരണവത്ക്കരിക്കുന്ന ഡയലോഗുകൾ ചിത്രത്തിൽ ഉണ്ട്. ഇതിനെ പ്രേക്ഷകർ വലിയ തോതിൽ വിമർശിച്ചു. ആദ്യ മൂന്ന് ദിവസം കൊണ്ട് 33 കോടി നേടിയ ചിത്രം പിന്നീട് കലക്ഷനിൽ കിതച്ചു. 50 കോടിയിലേക്ക് കടക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ചിത്രത്തിന് ലോകമെമ്പാടുമായി പോലും ഇതുവരെ 50 കോടി തൊടാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

