ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള സിനിമകൾ...
text_fieldsമലയാളി പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഈ ആഴ്ചയും ഒന്നിലധികം സിനിമകൾ ഒ.ടി.ടിയിൽ പ്രദർശനത്തിന് എത്തുന്നുണ്ട്. രാഹുൽ സദാശിവൻ ചിത്രം ഡീയസ് ഈറെ, ഷമിം മൊയ്‍തീന്‍ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ, രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത് രശ്മിക മന്ദാന പ്രധാന വേഷത്തിൽ അഭിനയിച്ച ദി ഗേൾഫ്രണ്ട് (ഡബ്) എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടി.യിൽ എത്തുന്ന സിനിമകൾ.
ഡീയസ് ഈറെ
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ചിത്രമായ ഡീയസ് ഈറെ ഈ ആഴ്ച ഒ.ടി.ടിയിലെത്തും. രാഹുൽ സദാശിവൻ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് നിർമിച്ചത്. ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഡിസംബർ അഞ്ച് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രണവ് മോഹൻലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. പ്രണവ് മോഹൻലാലിനൊപ്പം ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ, ഷൈൻ ടോം ചാക്കോ, സുഷ്മിത ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രിസ്റ്റ് സേവ്യർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഡീയസ് ഈറെ ഒരു തുടർച്ചയുടെ സാധ്യതയോടെയാണ് അവസാനിക്കുന്നതെങ്കിലും രാഹുൽ ഇതുവരെ രണ്ടാം ഭാഗം സ്ഥിരീകരിച്ചിട്ടില്ല.
കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ
റിലീസായി 10 മാസങ്ങൾക്ക് ശേഷമാണ് 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ഒ.ടി.ടി.യിലെത്താൻ ഒരുങ്ങുന്നത്. ഷമിം മൊയ്‍തീന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ സക്കറിയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഉടൻ തന്നെ സൈന പ്ലേയിലൂടെ സ്ട്രീമിങ്ങിന് എത്തുമെന്നാണ് റിപ്പോർട്ട്. തീയതി പ്രഖ്യാപിച്ചിട്ടില്ല. നസ്ലിൻ ജമീല സലീം, അൽത്താഫ് സലിം, സജിൻ ചെറുകയിൽ, രഞ്ജി കാങ്കോൽ, വിജിലേഷ് കാരയാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ദി ഗേൾഫ്രണ്ട് (ഡബ്)
രശ്മിക മന്ദാന പ്രധാന കഥാപാത്രത്തിലെത്തിയ തെലുങ്ക് ചിത്രം 'ദി ഗേൾഫ്രണ്ട്' ഒ.ടി.ടിയിലേക്ക്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ധീരജ് മോഗിലിനേനി എന്റർടൈൻമെന്റ്, മാസ് മൂവി മേക്കേഴ്‌സ്, ഗീത ആർട്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. നവംബർ ഏഴിന് തിയറ്ററുകളിലെത്തിയ ദി ഗേൾഫ്രണ്ട് ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. രശ്മികക്ക് പുറമെ ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

