കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമ മേഖലക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സിനിമ ലോകം. വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് നിരക്കിൽ 50 ശതമാനം ഇളവ് അനുവദിക്കുകയും ചെയ്ത നടപടിെയ വാർത്തക്കുറിപ്പും മുഖ്യമന്ത്രിയുടെ ചിത്രവും പങ്കുവെച്ചാണ് താരങ്ങളും സംവിധായകരും സ്വാഗതം ചെയ്തത്.
മലയാള സിനിമ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. മലയാള സിനിമക്ക് ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങൾ എന്ന് മോഹൻലാൽ എഴുതി. നന്ദി അറിയിച്ച് പൃഥ്വിരാജും പോസ്റ്റിട്ടു. സർക്കാറിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിെൻറയും ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു എന്നായിരുന്നു ദിലീപിെൻറ വാക്കുകൾ.
സിനിമ വ്യവസായം തിരിച്ചുകൊണ്ടുവരാൻ സഹായഹസ്തം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് ഇന്നസെൻറ് കുറിച്ചത്. 'ഒരുപാട് പേർ സ്വപ്നം കാണുന്ന ഒന്നാണ് സിനിമ. ഒരുപാട് പേരുടെ ജീവിതവും' സുരാജ് വെഞ്ഞാറമൂടിെൻറ കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന് ഒരുപാട് ആദരവ് എന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിെൻറ മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് സർക്കാറിനും നന്ദി എന്ന് റിമ കല്ലിങ്കലും തിയറ്ററുകളിൽ വീണ്ടും കാഴ്ചയുടെ വസന്തം വിടരട്ടെ എന്ന് മഞ്ജു വാര്യരും എഴുതി. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി തുടങ്ങിയവരും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.