എവിടെയും പ്രിന്റുകൾ സൂക്ഷിച്ചില്ല, കൃത്യമായ പരിശോധനകളില്ല; 'നെഗറ്റീവുകളില്ലാതെ' മലയാള സിനിമ
text_fieldsപഴയ മലയാള സിനിമകളെ റീമാസ്റ്ററിങ്ങിലൂടെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ ഫിലിം പ്രിന്റുകളുടെ ലഭ്യതക്കുറവ് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മലയാളത്തിൽ വലിയ വിജയങ്ങളായ സിനിമകളുടെ നെഗറ്റീവ് പ്രിന്റുകൾ ശരിയായ ആർക്കൈവൽ രീതികളുടെ അഭാവം മൂലം ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അന്യസംസ്ഥാന ലാബുകളിൽ സൂക്ഷിച്ചിരുന്ന നെഗറ്റീവ് പ്രിന്റുകളിൽ 80 ശതമാനത്തോളം ഉപയോഗശൂന്യമായെന്നാണ് വിവരം. 90 വരെയുള്ള ചിത്രങ്ങളുടെ പ്രിന്റുകളാണ് കൂടുതലും നശിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി വിന്റേജ് മലയാള സിനിമകൾ വിജയകരമായി റീമാസ്റ്റർ ചെയ്യപ്പെടുകയും തിയറ്ററുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യുകയും ചെയ്തു. ഇതിൽ പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ നിർമാണ സ്ഥാപനങ്ങളും താൽപ്പര്യക്കാരും റീമാസ്റ്ററിങ് മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. എന്നിരുന്നാലും, ഫിലിം പ്രിന്റുകളുടെ ലഭ്യതക്കുറവ് കാരണം മിക്ക ശ്രമങ്ങളും നിലച്ചു. അടുത്തകാലത്ത് ഫിലിം വീണ്ടും പകർത്തിയെടുത്ത് റിമാസ്റ്റർ ചെയ്യാൻ ചില കമ്പനികൾ ശ്രമിച്ചപ്പോഴാണ് പ്രിന്റുകൾ നഷ്ടമായത് അറിയുന്നത്.
2009-10 വർഷങ്ങളിലാണ് മലയാളസിനിമ വ്യാപകമായി ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുന്നത്. അതിന് മുമ്പ് വരെ ഫിലിമുകൾ ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്ങും പ്രദർശനവും. കാമറയിൽ ഷൂട്ട് ചെയ്ത് എഡിറ്റിങ്ങും സൗണ്ട് മിക്സിങ്ങും കഴിഞ്ഞ് മാസ്റ്റർ കോപ്പിയായി എടുക്കുന്ന ഫിലിമിനെയാണ് നെഗറ്റീവ് എന്ന് പറയുന്നത്. ഇതിൽനിന്നാണ് തിയറ്റർ പ്രദർശനത്തിനുള്ള പ്രിന്റുകളും ഡിജിറ്റൽ പതിപ്പുകളുമെല്ലാം എടുത്തിരുന്നത്. സമയബന്ധിതമായ പരിശോധനകൾ ഇല്ലാത്തതാണ് കാരണം. ഫിലിം പ്രിന്റുകൾ നശിക്കാതിരിക്കണമെങ്കിൽ കൃത്യമായി താപനില ക്രമീകരിച്ച മുറിയും ഇടക്കിടെയുള്ള പരിശോധനകളും ആവശ്യമാണ്.
അടുത്തിടെ മലയാളത്തിൽ ഫിലിം റീമാസ്റ്റർ ചെയ്യുന്നത് കൂടിയിട്ടുണ്ട്. ഫിലിമിൽ ചിത്രീകരിച്ച പഴയ സിനിമകൾക്ക്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യമികവ് പകരുന്നതാണ് റീമാസ്റ്ററിങ്. മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലിൽ റീമാസ്റ്റർ ചെയ്ത് അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടി. റീമാസ്റ്റർ ചെയ്യാനായി കിലുക്കം, മിന്നാരം, ദേവാസുരം, ന്യൂഡൽഹി, ധ്രുവം, പഞ്ചാബി ഹൗസ്, ആറാം തമ്പുരാൻ, ഗുരു, ചന്ദ്രലേഖ, യോദ്ധ തുടങ്ങിയ ജനപ്രീതി നേടിയ ചിത്രങ്ങളുടെ നെഗറ്റീവുകൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് മാറ്റിനി നൗ ചാനലുമായി ബന്ധപ്പെട്ടവർ പറയുന്നു.
ചാനലുകളിലും വിഡിയോ പ്ലാറ്റ്ഫോമുകളിലുമുള്ള പഴയ ചിത്രങ്ങളുടെ പകർപ്പുകളെല്ലാം സാധാരണരീതിയിൽ നെഗറ്റീവുകളിൽനിന്ന് പകർത്തിയവയാണ്. ഇതിന്റെ പതിന്മടങ് വ്യക്തതയാണ് 4K റീമാസ്റ്ററിലൂടെ ലഭിക്കുക. സാധാരണ പകർപ്പുകളിൽ വ്യക്തമല്ലാത്ത ദൃശ്യങ്ങൾ റിമാസ്റ്റർ പകർപ്പിൽ വ്യക്തമാകും. തിയറ്ററിൽ പ്രദർശിപ്പിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പോസിറ്റീവ് പ്രിന്റുകൾ ഉപയോഗിച്ചാണ് നിലവിൽ കൂടുതലും റീമാസ്റ്റർ ചെയ്തുവരുന്നത്. ഇതും കിട്ടാൻ പ്രയാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

