നേട്ടം കൊയ്തത് വാഴ 2 മാത്രം; നഷ്ടക്കണക്ക് പേട്രിയറ്റും ദൃശ്യം 3യും തിരുത്തുമോ?
text_fieldsനിരാശയുടെ മൂന്ന് മാസങ്ങൾക്ക് ശേഷം മലയാള സിനിമാ ലോകത്തിന് പുത്തൻ ഉണർവേകി സവിൻ എസ്.എ. സംവിധാനം ചെയ്ത വാഴ 2 മുന്നേറുന്നു. ഏപ്രിൽ 2ന് റിലീസ് ചെയ്ത ചിത്രം ഇതിനകം തന്നെ 200 കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. സൂപ്പർതാരങ്ങൾ ഇല്ലാതെ തന്നെ വൻ വിജയം കൊയ്ത വാഴ 2, മലയാള സിനിമാ ചരിത്രത്തിൽ 200 കോടി നേടുന്ന അഞ്ചാമത്തെ ചിത്രം എന്ന റെക്കോർഡിലേക്കാണ് കുതിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ (ജനുവരി - മാർച്ച്) നേരിട്ട കനത്ത തിരിച്ചടികൾക്ക് ശേഷമാണ് ഈ ഉജ്ജ്വല വിജയം എന്നതും ശ്രദ്ധേയമാണ്.
വർഷത്തിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. നിഖിലാ വിമൽ നായികയായ പെണ്ണു കേസ് മാത്രമാണ് ജനുവരിയിൽ അല്പമെങ്കിലും ചർച്ചയായത്. വൻ പ്രതീക്ഷയോടെ എത്തിയ അദ്വൈത് നായരുടെ ചത്ത പച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിഥി വേഷം ഉണ്ടായിട്ടും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. വെറും 33.48 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. നാദിർഷയുടെ മാജിക് മഷ്റൂംസ്, നിവിൻ പോളിയുടെ ബേബി ഗേൾ, ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ എന്നിവയും ആരാധകരെ നിരാശപ്പെടുത്തി. എന്നാൽ ഗണപതി - സാഗർ സൂര്യ എന്നിവർ അഭിനയിച്ച ഹൊറർ കോമഡി ചിത്രം പ്രകമ്പനം 22 കോടിയിലധികം നേടി അപ്രതീക്ഷിത വിജയം സ്വന്തമാക്കി.
കഴിഞ്ഞ വർഷങ്ങളിലെ ഫെബ്രുവരി മാസങ്ങളുമായി (പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്) താരതമ്യം ചെയ്യുമ്പോൾ 2026ലെ ഫെബ്രുവരി സിനിമകൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഭാവനയുടെ അനോമി, ജയറാം-കാളിദാസ് ചിത്രം ആശകൾ ആയിരം എന്നിവ ശ്രദ്ധിക്കപ്പെടാതെ പോയി. രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമായ പെണ്ണും പൊറാട്ടും, കൃഷാന്തിന്റെ സൈബർ പങ്ക് കോമഡി മസ്തിഷ്ക മരണം എന്നിവ നിരൂപക പ്രശംസ നേടിയെങ്കിലും വലിയ സാമ്പത്തിക വിജയം കണ്ടില്ല. ഏറെ കാത്തിരുന്ന മിഥുൻ മാനുവൽ തോമസിന്റെ ആട് 3 മാർച്ചിലാണ് തിയറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആഗോളതലത്തിൽ 120 കോടി രൂപ നേടാൻ ഷാജി പാപ്പനും സംഘത്തിനും സാധിച്ചു. ചിത്രത്തിന്റെ നിർമാണ ചിലവ് (60-65 കോടി) കണക്കിലെടുക്കുമ്പോൾ ഇതൊരു ഭേദപ്പെട്ട നേട്ടമാണെന്ന് നിർമാതാവ് വിജയ് ബാബു വ്യക്തമാക്കി.
മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റ്, ആന്റണി വർഗീസിന്റെ കാട്ടാളൻ, ടൊവിനോ-ബാസിൽ-വിനീത് ചിത്രം അതിരടി, ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 3 എന്നിങ്ങനെ വമ്പൻ റിലീസുകളാണ് വരും ദിവസങ്ങളിൽ തിയറ്ററിലെത്തുന്നത്. റിലീസ് പ്ലാനിങ്ങിലെ പാളിച്ചകൾ ഒഴിവാക്കിയാൽ വാഴ 2 തുടങ്ങിവെച്ച ഈ വിജയാഘോഷം വരും മാസങ്ങളിലും മലയാള സിനിമക്ക് നിലനിർത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

