മലയാള സിനിമയും അറേബ്യൻ കാണികളും
text_fieldsലേഖകൻ മുഹമ്മദ് അൽഹാജിനോടൊപ്പം
ഇത് മുഹമ്മദ് അൽഹാജ്. സൗദി പൗരനായ ഫാർമസിസ്റ്റാണ്. സുമുഖൻ, സുന്ദരൻ, സൗമ്യശീലൻ, സദാ പുഞ്ചിരിക്കുന്നവൻ, എപ്പോഴും പോസിറ്റിവ് എനർജി പകരുന്നവൻ. 'ദുക്തൂർ' (അങ്ങനെയാണ് സൗദിയിൽ ഫാർമസിസ്റ്റുകളെ വിളിക്കുന്നത്). മുഹമ്മദിനെ ഞാൻ പരിചയപ്പെടുന്നത് ഒരുവർഷം മുമ്പാണ്. ഞാൻ ജോലിചെയ്യുന്ന ഫാർമസിയിലേക്ക് മാറ്റംകിട്ടി വന്നതായിരുന്നു അദ്ദേഹം. ഇതര രാജ്യക്കാരുമായി താരതമ്യം ചെയ്യുമ്പോൾ തലക്കനം തീരെയില്ലാത്തവരാണ് സൗദികൾ എന്ന് പലപ്പോഴും തോന്നി. ആ ഗുണം ദുക്തൂർ മുഹമ്മദിലും ഉണ്ടായി. അതുകൊണ്ടുതന്നെ ഞങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളായി. എന്തു സഹായം ആവശ്യപ്പെട്ടാലും ഒരു മടിയും കൂടാതെ ചെയ്തുതരും.
മലയാളത്തോട് പ്രത്യേക മുഹബ്ബത്ത് മുഹമ്മദിന് ഉണ്ടെന്ന് മനസ്സിലാക്കി ഞാൻ കൂടുതൽ അടുത്തു. പിന്നെ ഫാർമസിയിൽ കണ്ടുമുട്ടുമ്പോൾ സലാം പറഞ്ഞശേഷം 'എന്തൊക്കെയുണ്ട് വിശേഷം' എന്നാണ് ചോദിക്കുക. സുഖം എന്ന ഉത്തരം കേട്ടാൽ മുഖത്ത് വിരിയുന്ന ആ ചിരി മതി ആ ദിവസം മുഴുവൻ ഒപ്പം ജോലി ചെയ്യാൻ. ഇപ്പോൾ മലയാളം വാക്കുകൾ പഠിക്കുന്ന തിരക്കിലാണ്. അതെന്താ ഇതെന്താ എന്നൊക്കെ ചോദിക്കും. സമയമെടുക്കും പഠിക്കാൻ മലയാളമല്ലേ... യൂട്യൂബിലൂടെയാണ് മലയാള സിനിമയെക്കുറിച്ച് മനസ്സിലാക്കുന്നത്. അങ്ങനെ മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ അറിയാം. സൗദിയിൽ തിയറ്ററുകൾക്ക് അനുമതി നൽകിയിട്ട് അധികം കാലമായില്ല. സിനിമകൾ ഇപ്പോൾ ഇവിടെയും റിലീസുണ്ട്. പക്ഷേ, മിനിമം 55 റിയാൽ കൊടുത്ത് സിനിമ കാണാൻ പോകാൻ മലയാളി മടിക്കും. അല്ലെങ്കിൽ അത്രക്ക് സിനിമാഭ്രാന്ത് വേണം. ഒരുദിവസം ദുക്തൂർ മുഹമ്മദ് പറഞ്ഞു, 'ആറാട്ട്' ഹൈഫ മാളിലെ മൂവി തിയറ്ററിലുണ്ട്, നമുക്ക് പോയാലോ? പക്ഷേ, ഷോയുടെ സമയം നോക്കുമ്പോൾ രണ്ടു പേർക്കും കഴിയില്ല.
സമയം ഒത്തുവന്നപ്പോഴേക്കും ആറാട്ട് വോക്സ് തിയറ്ററിലേക്ക് മാറി. രാത്രി പതിനൊന്നരക്ക് ഒരു ഷോ മാത്രം. രണ്ടു പേർക്കും ലീവുള്ള ദിവസം ഞങ്ങൾ മോഹൻലാലിന്റെ ആറാട്ട് കാണാൻ പോയി. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ദുക്തൂർ മുഹമ്മദ് പോകുന്നത്. ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. കഴിക്കാനുള്ള ഭക്ഷണമൊക്കെ വാങ്ങി ഞങ്ങൾ തിയറ്ററിൽ പ്രവേശിച്ചു. ഞങ്ങളെ കൂടാതെ പൊന്നാനിക്കാരായ രണ്ടുപേർ മാത്രമാണ് സിനിമ കാണാനുണ്ടായിരുന്നത് (ഇടവേള സമയത്താണ് അവരെ പരിചയപ്പെട്ടത്). ഒരു റിയാൽ മുടക്കില്ലാതെ മോഹൻലാൽ സിനിമ കാണുന്ന ത്രില്ലിലായിരുന്നു ഞാൻ. പടം തുടങ്ങി. സ്ക്രീനിൽ ഓരോ മുഖം തെളിയുമ്പോഴും മോഹൻലാലിനെ കാണാനുള്ള ആവേശത്തിൽ എവിടെ മോഹൻലാൽ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു ദുക്തൂർ. മോഹൻലാലിന്റെ ആ ഒന്നൊന്നര വരവ് കണ്ടതും ആ രംഗങ്ങൾ ദുക്തൂർ കാമറയിൽ പകർത്തി. തിയറ്ററിലേക്ക് വരുമ്പോഴേ പരിഭാഷ ഉണ്ടാകില്ലേ എന്ന് എന്നോട് ചോദിച്ചിരുന്നു. ഉണ്ടാകാതിരിക്കുമോ എന്ന് ഞാനും ചോദിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം.
എപ്പോഴെങ്കിലും നാല് അറബിവാക്കുകൾ സ്ക്രീനിൽ തെളിയുന്നതിനപ്പുറം വേറൊന്നും കണ്ടില്ല. എന്നിരുന്നാലും വിഗതകുമാരൻ എന്ന ശബ്ദമില്ലാത്ത ആദ്യ മലയാള സിനിമ കാണുംപോലെ കണ്ടിരിക്കാൻ ദുക്തൂർ കാണിച്ച ക്ഷമ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ പണംകൊണ്ട് കണ്ട സിനിമയായതിനാൽ പിന്നീട് കഥ എനിക്ക് ചുരുക്കിപ്പറഞ്ഞ് കൊടുക്കേണ്ടിവന്നു. ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് മലയാള സിനിമയും മാറേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും സൗദി അറേബ്യ പോലുള്ള ഒരു അറബ് രാജ്യത്ത് പടം റിലീസ് ചെയ്യുമ്പോൾ അവർക്കുകൂടി കാണാൻ പറ്റുന്ന തരത്തിലായിരിക്കണം. ഏത് ഭാഷയും ട്രാൻസ്ലേറ്റ് ചെയ്യാൻ ഗൂഗ്ളിലൂടെ സാധിക്കും എന്നിരിക്കെ സ്ക്രീനിൽ അറബിഭാഷ കൂടി ഉൾപ്പെടുത്തിയാൽ അത് സൗദികളെക്കൂടി മലയാള സിനിമയിലേക്ക് ആകർഷിപ്പിക്കാൻ കഴിയും എന്നാണ് തോന്നുന്നത്. പല സിനിമകൾക്കും 18 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനാനുമതി ഇല്ലാത്തതു കാരണം കുടുംബസമേതം സിനിമ കാണാൻ കഴിയാത്ത സാഹചര്യത്തിൽ അറബികൾക്കുകൂടി കണ്ടാൽ മനസ്സിലാകുന്ന രീതിയിൽ മലയാള സിനിമകൾ റിലീസ് ചെയ്യാനുള്ള ശ്രമംനടത്തിയാൽ നമ്മുടെ ഭാഷക്കും മലയാളം സിനിമ വ്യവസായത്തിനും അതൊരു മുതൽക്കൂട്ടാവും എന്ന കാര്യം തീർച്ചയാണ്.
അത്യാവശ്യം അടിയൊക്കെയുള്ളതുകൊണ്ട് പടം കഴിഞ്ഞിറങ്ങുമ്പോൾ ദുക്തൂർ മുഹമ്മദിന്റെ മുഖത്ത് നിരാശയൊന്നും ഉണ്ടായില്ല. ഇനി മമ്മൂട്ടിയുടെ പടം കാണണം എന്നു പറഞ്ഞപ്പോൾ 'ഭീഷ്മപർവം' അടുത്തുതന്നെ വരും എന്ന് ഞാൻ പറഞ്ഞു. എന്റെ റൂമിനടുത്ത് എന്നെ ഇറക്കിവിടാൻ നേരം ഇനി മമ്മൂട്ടി സിനിമ എന്ന് പറഞ്ഞ് പുഞ്ചിരിച്ച് സലാം പറഞ്ഞാണ് ദുക്തൂർ വീട്ടിലേക്ക് വണ്ടി തിരിച്ചത്. ഒരാഴ്ച കഴിഞ്ഞില്ല, ദുക്തൂർ മുഹമ്മദ് തന്നെയാണ് മമ്മൂട്ടിയുടെ ഭീഷ്മപർവം വന്നിട്ടുണ്ട് എന്ന് പറഞ്ഞത് (മൊബൈലിൽ ഇവിടത്തെ എല്ലാ തിയറ്ററുകളും ഡൗൺലോഡ് ചെയ്തുവെച്ചിട്ടുണ്ട് ദുക്തൂർ. അത് ഇടക്കിടെ തുറന്നുനോക്കുകയും ചെയ്യും). ഒഴിവുദിവസം പോകാം എന്ന് സമ്മതിച്ചപ്പോഴും രണ്ടാമത്തെ ചോദ്യം പരിഭാഷ ഉണ്ടാകില്ലേ എന്നാണ്. ആ സമയം ചില സുഹൃത്തുക്കൾ വാട്സ്ആപ് സ്റ്റാറ്റസിൽ ഷെയർ ചെയ്ത സിനിമ ഭാഗങ്ങളിലെ അറബി എഴുത്തുകൾ കാണിച്ചുകൊടുത്ത് ആശ്വസിപ്പിച്ചു.
പക്ഷേ, നിരാശയായിരുന്നു ഫലം. അറേബ്യൻ മാളിലെ മൂവി സിനിമാസിൽ ഞങ്ങളെത്തുമ്പോൾ ഒരു മലയാളി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് രണ്ടു പേർകൂടി വന്നു. അതിനിടെ, എന്നെ അമ്പരപ്പിച്ച് രണ്ട് സൗദി കുടുംബങ്ങൾ വന്നു. എന്നാൽ, സിനിമ തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവർ എഴുന്നേറ്റുപോയി! കാരണം ഒന്നും മനസ്സിലാകാതെ ചുമ്മാ ഇരുന്നിട്ടെന്താ... അവർക്ക് മനസ്സിലാകുന്ന അവരുടെ ഭാഷ സ്ക്രീനിൽ തെളിഞ്ഞിരുന്നുവെങ്കിൽ സിനിമ തീരുവോളം അവർ ഇരിക്കുമായിരുന്നു. സൗദിയിൽ പ്രദർശിപ്പിക്കുന്ന ഇംഗ്ലീഷ് സിനിമകളിൽ പോലും അറബിയിൽ സംഭാഷണം എഴുതുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനൊക്കെ സ്വദേശികളുടെ തിരക്കുമുണ്ട്. പിന്നെ നമ്മളായിട്ട് എന്തിന് മാറിനിൽക്കണം. അതുകൊണ്ടുതന്നെ ഇനി നിർമിക്കുന്ന സിനിമകളിലെങ്കിലും അറബ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്ന കോപ്പിയിൽ അറബിഭാഷ ഉൾപ്പെടുത്താൻ സിനിമയുമായി ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാൽ അത് സിനിമ വ്യവസായത്തിനും മലയാള ഭാഷക്കും മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാവില്ല എന്നകാര്യം തീർച്ചയാണ്.
സൗദിയിലെ പ്രവാസി മലയാളികളുടെ രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ, കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് ആർട്സ് ക്ലബ്. രചനകൾ അയക്കേണ്ട വിലാസം- saudiinbox@gulfmadhyamam.net