'വിവാദ രംഗം നീക്കം ചെയ്തു'; മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞ് 'ജാട്ട്' നിർമാതാക്കൾ
text_fieldsജാട്ട് എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരെ ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത് വിവാദമായിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്മാരായ സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിങ് എന്നിവർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. ഇപ്പോഴിതാ, നിർമാതാക്കൾ ക്ഷമാപണം നടത്തുകയും സിനിമയിൽ നിന്ന് വിവാദ രംഗം നീക്കം ചെയ്യുകയും ചെയ്തിരിക്കുകയാണ്.
'ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. അതിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു, സിനിമയിൽ നിന്ന് ആ രംഗം നീക്കം ചെയ്യാൻ ഉടനടി നടപടി സ്വീകരിച്ചു. വിശ്വാസം വ്രണപ്പെട്ട എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു' -ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വികൽപ് ഗോൾഡ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലന്ധറിലെ സദർ പൊലീസ് സ്റ്റേഷനിൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക് എതിരായ കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ യേശുക്രിസ്തുവിനോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് പൊലീസ് കമീഷണറുടെ ഓഫിസിന് പുറത്ത് ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധം നടത്തി. കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവർ ഒരു നിവേദനവും സമർപ്പിച്ചു.
സിനിമയിലെ ഒരു കുരിശുമരണ രംഗം യേശുക്രിസ്തുവിനെ അനുകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെന്നും അതുവഴി ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നുണ്ടെന്നും പരാതിയിൽ ആരോപിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) നേരത്തെ ചിത്രത്തിൽ 22 ഇടത്ത് മാറ്റം വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

