'പത്താൻ' ഹിന്ദുത്വത്തെ അപമാനിക്കുന്നു; ഷാരൂഖ് ഖാൻ ചിത്രത്തിന് മുന്നറിയിപ്പുമായി ബി.ജെ.പി എം.എൽ.എ
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താൻ. ഒരു ചെറിയ ഇടവേളക്ക് ശേഷം പുറത്തു വരുന്ന ഷാരൂഖ് ഖാൻ ചിത്രം വിവാദങ്ങളുടെ അകമ്പടിയോടെയാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ 'ബേഷറാം രംഗ് ' എന്നുള്ള ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ വിവാദങ്ങൾ ഉയർന്നത്. ഗാനരംഗത്തിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തുകയായിരുന്നു. കൂടാതെ പേരും കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്. പത്താനെന്ന പേര് മാറ്റണമെന്നും ഗാനരംഗം മാറ്റി ചിത്രീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇപ്പോഴിതാ ഷാരൂഖ് ഖാൻ ചിത്രത്തിന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ബിജെപി എം.എൽ.എ റാം കദം രംഗത്ത് എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നും ചിത്രം മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ബി.ജെ.പി എം.എൽ.എ ട്വിറ്ററിൽ കുറിച്ചു. കൂടാതെ ഹിന്ദുത്വത്തെ അപമാനിക്കുന്ന തരത്തിലുളള ചിത്രങ്ങളോ സീരിയലോ മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു.
സംഘപരിവാർ സംഘടനകളിൽ നിന്ന് പത്താനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഗാനരംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പദുകോൺ എത്തുന്നുണ്ട്. ഇതാണ് വിവാദങ്ങളുടെ അടിസ്ഥാനം. വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ 2023 ജനുവരി 23നാണ് തിയറ്ററുകളിൽ എത്തുന്നത്. ജോൺ എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

