മാജിക്ക് ഫ്രെയിംസിന്‍റെ നാൽപ്പതാമത് ചിത്രം 'ബേബി ഗേൾ' ചിത്രീകരണം ആരംഭിച്ചു
text_fieldsമാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന നാൽപ്പതാമത് ചിത്രമായ ബേബി ഗേൾ ഏപ്രിൽ രണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് വിപുലമായ ചടങ്ങോടെ ആരംഭിച്ചു. മലയാള സിനിമയിൽ നവതരംഗ സിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുളവാക്കിയ നിർമാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്.
മാജിക്ക് ഫ്രെയിം നിർമിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
അണിയറ പ്രവർത്തകർ അടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകി. ജി.സുദേഷ് കുമാർ, എം.രണ്ടിത്ത്, ബി.രാഗേഷ്, ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ദീപുകരുണാകരൻ എന്നിവരും അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, അഭിമന്യു തിലകൻ, സെന്തിൽ, ഷാബു പ്രൗദീൻ, ബാലാജി ശർമ്മ, പ്രൊഫസർ അലിയാർ , തമ്പാനൂർ എസ്.ഐ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ ബിനു എന്നിവരുടെ സാന്നിദ്ധ്യവും, ചടങ്ങിനു മിഴിവേകി.
ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമെന്ന് മാത്രമേ അണിയറ പ്രവർത്തകർ ചിത്രത്തേക്കുറിച്ച് വെളിപ്പെടുത്തുന്നുള്ളൂ. ബാക്കിയെല്ലാം പുറകേ പുറത്തുവിടുമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. സംഗീതം ജെയ്ക് ബിജോയ്സ്, ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിങ് ഷൈജിത്ത് കുമാരൻ. തിരുവനന്തപുരത്തും പരിസരങ്ങളിലുമായാണ് ചിത്രീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

