ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് തടയാനാകില്ല; നിർമാതാക്കൾ നൽകിയ ഹരജി മദ്രാസ് ഹൈകോടതി തള്ളി
text_fieldsചെന്നൈ: സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യം 3'-യുടെ അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസും പ്രദർശനവും തടയണമെന്നാവശ്യപ്പെട്ട് പ്രൊഡക്ഷൻ ഹൗസായ രാജ്കുമാർ തിയേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളി. ഇടക്കാല ഉത്തരവിലൂടെ ചിത്രത്തിന്റെ തിയേറ്റർ, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് സ്റ്റേ നൽകാനാകില്ലെന്ന് ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതി വ്യക്തമാക്കി.
ദൃശ്യം 3-യുടെ ഹിന്ദി റീമേക്ക് പകർപ്പവകാശം തങ്ങൾക്കുണ്ടെന്ന് തെളിയിക്കുന്നതിന് ആവശ്യമായ കൃത്യമായ രേഖകൾ നിലവിലെ ഘട്ടത്തിൽ ഹാജരാക്കാൻ ഹരജിക്കാരായ രാജ്കുമാർ തിയേറ്റേഴ്സിന് സാധിച്ചിട്ടില്ലെന്ന് ഒക്ടോബർ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
തർക്കം പകർപ്പവകാശത്തെച്ചൊല്ലി; കോടതി നിരീക്ഷണം ഇങ്ങനെ
ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരമാണ് രാജ്കുമാർ തിയേറ്റേഴ്സ് കോടതിയെ സമീപിച്ചത്. അഭിഷേക് പഥക് സംവിധാനം ചെയ്ത് അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി പതിപ്പിന്റെ ആഗോള റിലീസ് തടയണമെന്നായിരുന്നു ആവശ്യം.
2013 ഡിസംബറിൽ മോഹൻലാൽ നായകനായ മലയാളം 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ റീമേക്ക് അവകാശങ്ങൾക്കായി ജീത്തു ജോസഫുമായും ആശീർവാദ് സിനിമാസുമായും കരാറുണ്ടാക്കിയിരുന്നുവെന്ന് ഹരജിക്കാർ വാദിച്ചു. തെലുങ്ക് അവകാശങ്ങൾക്ക് പുറമെ, വൈഡ് ആംഗിൾ ക്രിയേഷൻസുമായി ചേർന്ന് 50 കോടി രൂപ നൽകി ഹിന്ദി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ ഭാഷകളുടെ പകർപ്പവകാശം തുല്യമായി പങ്കിടാൻ 2014-ൽ ധാരണയുണ്ടാക്കിയിരുന്നുവെന്നും തങ്ങളുടെ അനുമതിയില്ലാതെയാണ് ഹിന്ദിയിൽ മൂന്നാം ഭാഗം ചിത്രീകരിച്ചതെന്നും രാജ്കുമാർ തിയേറ്റേഴ്സ് ആരോപിച്ചു.
എന്നാൽ, ആശീർവാദ് സിനിമാസ്, ജീത്തു ജോസഫ്, സ്റ്റാർ സ്റ്റുഡിയോ 18, പനോരമ സ്റ്റുഡിയോസ് തുടങ്ങിയ എതിർകക്ഷികൾ ഈ വാദങ്ങളെ പൂർണമായി എതിർത്തു. 2014-ൽ വയാകോം 18-ന് നൽകിയ അസൈൻമെന്റും 2022-ലെ ഒത്തുതീർപ്പ് കരാറുകളും പ്രകാരം തുടർഭാഗങ്ങളുടെ അവകാശങ്ങൾ കൈമാറിയിട്ടുണ്ടെന്നും, ചിത്രത്തിന്റെ റിലീസ് തടയാനുള്ള യാതൊരു നിയമപരമായ അവകാശവും നിലവിൽ ഹരജിക്കാർക്കില്ലെന്നും അവർ വാദിച്ചു.
റിലീസിന് തൊട്ടുമുമ്പ് ലോകവ്യാപകമായി ചിത്രം തടയുന്നത് സിനിമയുമായി ബന്ധപ്പെട്ട മറ്റ് കക്ഷികൾക്ക് കനത്ത സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവിധ കരാറുകൾ നിലനിൽക്കുന്നതിനാൽ പകർപ്പവകാശം സംബന്ധിച്ച അന്തിമ തീർപ്പിന് വിശദമായ വിചാരണ ആവശ്യമാണെന്നും ഇടക്കാല സ്റ്റേ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാർക്കായി സീനിയർ അഡ്വക്കേറ്റ് കെ. രവിയും സ്റ്റാർ സ്റ്റുഡിയോ 18-ന് വേണ്ടി സീനിയർ അഡ്വക്കേറ്റ് പി.എസ്. രാമനും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

