അനുമതിയില്ലാതെ പാട്ട് സിനിമയിൽ ഉപയോഗിച്ചു; ഇളയരാജയുടെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈകോടതി
text_fieldsഇളയരാജ
ചെന്നൈ: മിസിസ് ആൻഡ് മിസ്റ്റർ എന്ന സിനിമയിൽ അനുവാദമില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചെന്ന പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈകോടതി.
മറുവിഭാഗത്തിന്റെ വാദം കേൾക്കാതെ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നാണ് ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തി ഉത്തരവിട്ടത്. അതോടൊപ്പം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിനിമയുടെ നിർമാതാവിന് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. നടി വനിത വിജയകുമാർ പ്രതിനിധീകരിക്കുന്ന പ്രൊഡക്ഷൻ ഹൗസിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചു.
നടിയും സംവിധായികയുമായ വനിത വിജയകുമാറിന്റെ മിസിസ് ആൻഡ് മിസ്റ്റർ എന്ന സിനിമയിൽ പാട്ടുപയോഗിച്ചു എന്നായിരുന്നു ഇളയരാജയുടെ പരാതി. വനിത വിജയകുമാറിന്റെ മകൾ ജോവിക വിജയകുമാറാണ് സിനിമ നിർമിച്ചത്.
1990ൽ പുറത്തിറങ്ങിയ മൈക്കിൾ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നും അതിനാൽ പാട്ട് സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇളയരാജ മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. കമലഹാസനും ഉർവശിയുമായിരുന്നു മൈക്കിൾ മദന കാമരാജനിൽ അഭിനയിച്ചത്.
പകർപ്പവകാശ നിയമപ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ പാട്ട് സിനിമയിൽ ഉപയോഗിക്കാൻ പാടുള്ളൂ എന്നായിരുന്നു ഇളയരാജയുടെ വാദം. അനുമതിയില്ലാതെ പാട്ട് വികൃതമാക്കിയെന്നും ഇത് പകർപ്പവകാശ ലംഘനമാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
2019 മുതൽ പകർപ്പവകാശം നേടാതെ തന്റെ പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ നിരവധി സംവിധായകർക്കും നിർമാതാക്കൾക്കും നോട്ടീസയച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ അണിയറ പ്രവർത്തകർക്കും ഇതുപോലെ നോട്ടീസ് അയക്കുകയുണ്ടായി. അതുപോലെ തന്റെ പാട്ടുകൾ അനുമതിയില്ലാതെ വേദിയിൽ പാടരുതെന്നാവശ്യപ്പെട്ട് ഗായകർക്കും നോട്ടീസയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

