'ഏറ്റവും അടുത്ത നല്ല മുഹൂർത്തം നോക്കി മധുവിധു നേരം കുറിക്കും'; ഷറഫുദ്ദീൻ ചിത്രം 'മധുവിധു'വിന്‍റെ റിലീസ് മാറ്റിവെച്ചു
text_fieldsഷറഫുദ്ദീൻ നായകനായ ഏറ്റവും പുതിയ ചിത്രമായ 'മധുവിധു'വിന്‍റെ റിലീസ് തീയതി മാറ്റിവെച്ചു. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ഏറ്റവും അടുത്ത നല്ല മുഹൂർത്തം നോക്കി മധുവിധു നേരം കുറിക്കും എന്നാണ് നിർമാണക്കമ്പനി അറിയിച്ചത്. എന്നാൽ ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമായ ആശകൾ ആയിരം, ഭാവനയുടെ അനോമി എന്നിവ അന്നു പുറത്തിറങ്ങുന്നതിനാൽ തിയറ്റർ മത്സരം ഒഴിവാക്കാനാണ് മധുവിധുവിന്‍റെ റിലീസ് മാറ്റിയതെന്നാണ് വിവരം. റിലീസ് മാറ്റിയതിന്‍റെ കാരണങ്ങൾ നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിഷ്ണു അരുണിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ബിന്ദു പണിക്കരുടെ മകൾ കല്ല്യാണിയാണ് നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമിക്കുന്നത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ ആണ് ചിത്രത്തിന്‍റെ സഹനിർമാണം നിർവഹിക്കുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്‍കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷൈലോക്ക്, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.
അതേസമയം, ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസ് ജയറാമും ഒരുമിക്കുന്ന ചിത്രമാണ് ആശകൾ ആയിരം. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ എന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

