മാധുരി ദീക്ഷിത്തിന്‍റെ ക്രൈം ത്രില്ലർ ഇന്നുമുതൽ ഒ.ടി.ടിയിൽ; എവിടെ കാണാം?
text_fieldsമാധുരി ദീക്ഷിത്
ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒ.ടി.ടി റിലീസുകളിലൊന്നാണ് 'മിസിസ് ദേശ്പാണ്ഡെ'. മാധുരി ദീക്ഷിത് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് തിരിച്ചെത്തുന്ന സീരീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഴോണറിൽപെട്ട സീരീസ് ഡിസംബർ 19 രാത്രി ജിയോ ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കും. പരമ്പരയിലെ ആറ് എപ്പിസോഡുകളും ഒരേസമയം പുറത്തിറങ്ങും. എക്കാലത്തെയും മാധുരി ആരാധകർക്ക് ഒരു കംപ്ലീറ്റ് ട്രീറ്റാണ് ഒരുങ്ങുന്നതെന്നായിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. വർഷങ്ങൾക്കുശേഷം പ്രിയ താരത്തെ ഒ.ടി.ടിയിൽ കാണുന്ന ആവേശത്തിലാണ് ആരാധകർ.
മൂന്ന് വർഷങ്ങൾക്ക് ശേഷം മാധുരി ദീക്ഷിത് ഒ.ടി.ടിയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് മിസിസ് ദേശ്പാണ്ഡെ. 2022 ൽ പുറത്തിറങ്ങിയ ദി ഫെയിം ഗെയിമാണ് മാധുരി അവസാനമായി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ എത്തിയ പരമ്പര. ഇതിനുമുമ്പ്, ഭൂൽ ഭുലയ്യ 3 എന്ന ചിത്രത്തിലാണ് നടി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഡിസംബർ 19 മുതൽ മിസിസ് ദേശ്പാണ്ഡെ ജിയോ ഹോട്ട്സ്റ്റാറിൽ ഫുൾ എച്ച്.ഡിയിൽ ലഭ്യമാകും. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ, ആലീസ് ചെഗാരെ ബ്രൂഗ്നോട്ട്, നിക്കോളാസ് ജീൻ, ഗ്രെഗോയർ ഡെമൈസൺ എന്നിവർ ചേർന്ന് സൃഷ്ടിച്ച പ്രശസ്തമായ ഫ്രഞ്ച് മിനി സീരീസ് ലാ മാന്റയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട പതിപ്പാണ്.
പരമ്പരയിൽ മാധുരി ദീക്ഷിത്തിനൊപ്പം, സിദ്ധാർത്ഥ് ചന്ദേക്കർ, പ്രിയാൻഷു ചാറ്റർജി, ദിക്ഷ ജുനേജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തുടർച്ചയായ കൊലപാതകങ്ങൾ ചെയ്ത ഒരു കുറ്റവാളിയെ ചുറ്റിപ്പറ്റിയാണ് മിസ്സിസ് ദേശ്പാണ്ഡെയുടെ കഥ വികസിക്കുന്നത്. കൊലപാതകേസിൽ ശിക്ഷിക്കപെട്ട ഒരു സ്ത്രീയുടെ കഥാപാത്രത്തിലാണ് മാധുരി എത്തുന്നത്.
'മിസ്സിസ് ദേശ്പാണ്ഡെ ഒരുപാട് തട്ടുകളുള്ള ഒരു കഥാപാത്രമായതിനാൽതന്നെ ഞാൻ അതിന്‍റെ ആവേശത്തിലാണ്. അവർ ഒരു ഉള്ളി പോലെയാണെന്നു പറയാം. എപ്പിസോഡിൽ നിന്ന് എപ്പിസോഡിലേക്ക് പോകുമ്പോൾ നിങ്ങൾ ഉള്ളി അടർത്തിമാറ്റുകയാണ്. അക്ഷരാർത്ഥത്തിൽ അവരെയും അവർ ആരാണെന്നും നിങ്ങൾക്ക് പതിയെ മനസ്സിലാക്കും. ഓരോ കഥാപാത്രവും വളരെ പ്രധാനപെട്ടതാണെന്ന് ഞാൻ കരുതുന്നു. മിസ്സിസ് ദേശ്പാണ്ഡെക്ക് അവരുടേതായ കഥ പറയാനുണ്ട്. അതിനാൽ അവരെ സൃഷ്ടിക്കാൻ എനിക്ക് അവരുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങേണ്ടി വന്നു' മാധുരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

