നവതിയുടെ നിറവിൽ നടൻ മധുവിന് സാമൂഹ്യ നീതി വകുപ്പിന്‍റെ വയോസേവന പുരസ്കാരം
text_fieldsതിരുവനന്തപുരം: നവതിയുടെ നിറവിൽ നടൻ മധുവിന് സംസ്ഥാന സർക്കാർ സാമൂഹ്യ നീതി വകുപ്പിന്‍റെ വയോസേവന പുരസ്കാരം. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണീ പുരസ്കാരമെന്ന് മന്ത്രി ഡോ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയോജനമേഖലയിൽ ശ്ലാഘനീയ സേവനം കാഴ്ചവെച്ച മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ -സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് നൽകുന്നതാണ് വയോസേവന പുരസ്കാരം. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരം കർഷകനായ ചെറുവയൽ കെ. രാമനും പങ്കിട്ടു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക.
കല-സാഹിത്യം എന്നീ മേഖലയിൽ പ്രശസ്ത ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ. പി.സി. ഏലിയാമ്മ പാലക്കാട്, ജി. രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം കോഴിക്കോട് കോർപ്പറേഷനാണ്. നിലമ്പൂർ ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. ഒല്ലൂക്കര മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ) എലിക്കുളം, അന്നമനട എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു. മികച്ച എൻ.ജി.ഒക്കുള്ള പുരസ്ക്കാരം ഇടുക്കി ജില്ലയിലെ വൊസാർഡും (Voluntary organisation for social action and rural development), മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ഫോർട്ട് കൊച്ചിയും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ.
വർഷം പത്ത് വിഭാഗങ്ങളിലാണ് വയോസേവന പുരസ്കാരം നൽകുന്നത്. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരമെന്നും മന്ത്രി ഡോ ആർ. ബിന്ദു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

