'സൂപ്പർ ഫൺ സീരീസ്' എന്ന് ദുൽഖർ, പ്രശംസിച്ച് നിവിനും വിനീത് ശ്രീനിവാസനും; മികച്ച പ്രതികരണങ്ങൾ നേടി ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
text_fieldsനീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി. കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ജിയോ ഹോട്സ്റ്റാർ സീരീസ് ആണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'. വാശി എന്ന ചിത്രത്തിന് ശേഷം വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത റൊമാൻറ്റിക് കോമഡി ഫാമിലി എന്റർടൈനർ ഴോണറിൽ എത്തിയ സീരീസിന് ഒട്ടേറെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു.
കൂടാതെ സീരീസിനെ പ്രശംസിച്ച് സിനിമ മേഖലയിലെ മുൻനിര താരങ്ങളും രംഗത്ത് എത്തിയിരുന്നു. 'സൂപ്പർ ഫൺ' സീരീസ് എന്ന വിശേഷണത്തോടെ ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ നടൻ നിവിൻ പോളിയും, വിനീത് ശ്രീനിവാസനും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് അഭിനന്ദനം അറിയിച്ചിട്ട് ഉള്ളത്.
നേരത്തെ സീരിസിന്റെ പ്രിവ്യു ഷോ കണ്ട ടോവിനോ തോമസ്, ബേസിൽ ജോസഫ്, സാനിയ അയ്യപ്പൻ, അന്ന ബെൻ, സംവിധായകൻ തരുൺ മൂർത്തി, ജിതിൻ ലാൽ തുടങ്ങിയവരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.
മലയാളത്തിൽ നീരജ് അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസ് ആണിത്. നേരത്തെ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ഹിന്ദി ഷോ ആയ ദി ഫാമിലി മാനിലെ നീരജിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒട്ടേറെ വേഷങ്ങളിലൂടെ തിളങ്ങിയ ആനന്ദ് മന്മഥന്‍, ആന്‍ സലിം എന്നിവർക്കും സമൂഹമാധ്യമത്തിൽ വലിയ കൈയടി ലഭിക്കുന്നുണ്ട്.
പപ്പൻ എന്ന പദ്മരാജൻ, വിനോദ് എന്നീ ജ്യേഷ്ഠാനുജന്മാരുടെ കഥയാണ് ‘ലവ് അണ്ടർ ണ്‍സ്ട്രക്ഷന്‍. ദുബൈയിൽ ജോലി ചെയ്യുന്ന നായകൻ നാട്ടിലെത്തുന്നു. അയാളുടെ വീട് പണി നടക്കുന്നതിനൊപ്പം പ്രണയജീവിതവും ആരംഭിക്കുന്നു. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെയാണ് സീരീസ് അവതരിപ്പിക്കുന്നത്.
ആനന്ദ് മന്മഥന്‍, ആന്‍ സലിം, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരാണ് സിരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിന്റെ സംഗീതസംവിധാനം നിർവഹിച്ചത് ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് സീരീസ് നിർമിച്ചിരിക്കുന്നത്. സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്.പി.ആർ.ഒ : റോജിൻ കെ റോയ്.മാര്‍ക്കറ്റിങ് : ടാഗ് 360 ഡിഗ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

