ഇനി ചാത്തന്‍റെ കാലം; ലോക: ചാപ്റ്റർ 2 പ്രഖ്യാപിച്ച് ദുൽഖർ, വിഡിയോ വൈറൽ
text_fieldsമലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രമാണ് ഡൊമനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ നായികയായ ലോക: ചാപ്റ്റർ 1 ചന്ദ്ര. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ യുനിവേഴ്സിന്‍റെ ആദ്യഭാഗമാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ, രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ലോക ടീം.
നിർമാതാവ് കൂടിയായ ദുൽഖറാണ് രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. ടൊവിനോ തോമസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'കെട്ടുകഥകൾക്കപ്പുറം... ഇതിഹാസങ്ങൾക്കപ്പുറം... ഒരു പുതിയ അധ്യായം ആരംഭിക്കുന്നു' -എന്ന കുറിപ്പോടെയാണ് ദുൽഖർ ചാപ്റ്റർ 2വിന്‍റെ ട്രെയിലർ പങ്കുവെച്ചത്. ഡൊമനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയറർ ഫിലിംസാണ് നിർമിക്കുന്നതെന്നും ദുൽഖർ അറിയിച്ചു.
സിനിമയുടെ രണ്ടാം ഭാഗം ചാത്തനായ ടൊവിനോയുടെ കഥയായിരിക്കുമെന്ന സൂചനകൾ ആദ്യം തന്നെ ഉണ്ടായിരുന്നു. ലോകയുടെ സൂപ്പർ ഹീറോ യൂനിവേഴ്സിലെ മൈക്കിൾ എന്ന ചാത്തനായാണ് ടൊവിനോ എത്തുന്നത്. ഒടിയൻ ചാർലിയായി ദുൽഖറും പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള സംഭാഷണമാണ് രണ്ടാം ഭാഗത്തിന്‍റെ അനൗൺസ്മെന്‍റ് വിഡിയോയിൽ ഉള്ളത്.
ലോകയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത് 12 ദിവസത്തിനകം തന്നെ 200 കോടി ക്ലബ് കീഴടക്കി. 300 കോടി കടന്നും ചിത്രം മുന്നേറുകയാണ്. ഇതിനോടൊപ്പം തന്നെ മികച്ച അഭിപ്രായവും സിനിമ നേടിക്കഴിഞ്ഞു. സിനിമയുടെ സാങ്കേതിക വശം ഉൾപ്പെടെ എല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നതാണ്. അതേസമയം, ആദ്യമായി ഒരു സ്ത്രീ കേന്ദ്രീകൃത ഇന്ത്യൻ സിനിമ 300 കോടി ക്ലബിൽ എത്തി എന്ന റെക്കോർഡും ലോക സ്വന്തമാക്കി.
ഇന്ത്യയിലെ ആദ്യത്തെ വനിത സൂപ്പർഹീറോയായ ചന്ദ്രയെയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലോകയിലൂടെ, 200 കോടി രൂപ കടന്ന ഒരു സിനിമക്ക് നേതൃത്വം നൽകുന്ന ആദ്യ മലയാള നടിയായി കല്യാണി ചരിത്രം സൃഷ്ടിച്ചു. ആദ്യം 600 ഷോകളുമായി പുറത്തിറങ്ങിയ ലോക, ബോക്സ് ഓഫിസിൽ വൻ ഹിറ്റായി മാറിയതിനു പിന്നാലെ ഷോകളുടെ എണ്ണം ഏകദേശം 1700 ആയി ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

