തിയറ്ററുകളിൽ 100 ദിവസം പിന്നിട്ട് ചരിത്രം സൃഷ്ടിച്ച് 'ലോക'
text_fieldsമലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രമായ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' തിയറ്ററുകളില്‍ 100 ദിവസം പിന്നിട്ടു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണിത്. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വൈഡ് റിലീസ് കാലഘട്ടത്തില്‍ വളരെ അപൂര്‍വമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇൻഡസ്ട്രി ഹിറ്റായ് മാറിയ ചിത്രം കേരളത്തിലെ പി.വി.ആര്‍. മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകളില്‍ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പി.വി.ആര്‍ ഫോറം മാള്‍, പി.വി.ആര്‍. ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്സി എന്നിവിടങ്ങളില്‍ ആണ് ചിത്രം 100 ദിവസം പ്രദര്‍ശിപ്പിച്ചത്.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ കാലത്തും ഒരു മലയാള സിനിമ 100 ദിവസം പിന്നിടുകയെന്നത് വലിയ നേട്ടമാണ്. കോവിഡ് കാലഘട്ടത്തിന് ശേഷം ഒന്നില്‍ അധികം സ്‌ക്രീനുകളില്‍ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് 'ലോക'. അഞ്ചുഭാഗങ്ങളുള്ള മെഗാഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യഭാഗമായാണ് 'ലോക' എത്തിയത്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ അതിഥി താരങ്ങളായും തിളങ്ങി. അഭിനേതാക്കളുടെ പ്രകടനം, ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണം, ഛായാഗ്രഹണം എന്നിവ പ്രശംസിക്കപ്പെട്ടതോടൊപ്പം കല്യാണി പ്രിയദർശനെ മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോയായി പരാമർശിക്കുകയും ചെയ്തു.
ഒക്ടോബര്‍ 31-നു ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒ.ടി.ടിയിലും ഗംഭീരപ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്. ഒ.ടി.ടിയില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ കൂടാതെ മറാഠി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്ന് മാത്രം 121 കോടിക്ക് മുകളില്‍ കലക്ഷന്‍ ആണ് ചിത്രം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

