'അഡോളസൻസി'ന് മുമ്പും സിംഗ്ൾ ഷോട്ടുകളുണ്ടായിട്ടുണ്ട്; ഇതാ സിംഗ്ൾ ഷോട്ടിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമകളും ഷോകളും
text_fieldsഅഡോളസൻസിന് ശേഷമാണ് സിനിമകളിലെ സിംഗ്ൾ ഷോട്ടുകളെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ തുടങ്ങിയത്. ഒരു സീനിന്റെ തുടർച്ചയായതും തടസമില്ലാത്തതുമായ കാഴ്ച സൃഷ്ടിക്കാനാണ് സിനിമകളിൽ സിംഗ്ൾ ഷോട്ട് ഉപയോഗിക്കുന്നത്. ലോങ് ടേക്ക്, വൺ-ഷോട്ട് എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ പലപ്പോഴും യാഥാർത്ഥ്യബോധം, നാടകീയ പിരിമുറുക്കം എന്നിവ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു. ആവശ്യമുള്ള ഇഫക്റ്റിനനുസരിച്ച് ഒറ്റ ഷോട്ടുകളുടെ ദൈർഘ്യം വ്യത്യാസപ്പെടാം.
സസ്‌പെൻസ് സൃഷ്ടിക്കുക, അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് ആഴത്തിലേക്ക് ഇറങ്ങിചെല്ലുക, ഒരു പ്രത്യേക സ്ഥലമോ പരിസ്ഥിതിയോ പര്യവേക്ഷണം ചെയ്യുക എന്നിവക്കാണ് സിംഗ്ൾ ഷോട്ടുകൾ ഉപയോഗിക്കുന്നത്. ഒറ്റ ടേക്കിൽ ഷൂട്ട് ചെയ്യുന്നത് സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതാണ്. കൃത്യമായ ആസൂത്രണം, പ്രത്യേക ഉപകരണങ്ങൾ എന്നിവ ഇല്ലാതെ ഇത് സാധ്യമാകില്ല. എന്നാൽ, ഇന്ത്യൻ പ്രേക്ഷകരും ചലച്ചിത്ര പ്രവർത്തകരും ഇത്തരത്തിലുള്ള കാമറ ചലനങ്ങൾ നേരത്തെ തന്നെ ഉപയോഗിച്ച് തുടങ്ങിയിരുന്നു.
സോഹും ഷായുടെ 'ഷിപ്പ് ഓഫ് തീസസിൽ' അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രംഗം എഴ് മിനിറ്റ് തുടർച്ചയായി ചിത്രീകരിച്ചതാണ്. ഒരു മനുഷ്യന്റെ അസ്വസ്ഥത നിറഞ്ഞതും എന്നാൽ അടുപ്പമുള്ളതുമായ വികാരങ്ങളെയാണ് ഈ ഷോട്ട് ഫോക്കസ് ചെയ്യുന്നത്. വെട്രി മാരന്റെ 'വിടുതലൈ'യിൽ എട്ട് മിനിറ്റ് ദൈർഘ്യമുള്ള തീവണ്ടി രംഗമുണ്ട്. ഹൃദ്രോഗികളുടെ വാർഡിൽ ചിത്രീകരിച്ച, 13 മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ-ടേക്ക് സീക്വൻസ് 'ദി ഫാമിലി മാന്റെ' ഏറ്റവും തീവ്രമായ നിമിഷങ്ങളിൽ ഒന്നാണ്.
അനുരാഗ് കശ്യപിന്റെ 'ഗാങ്‌സ് ഓഫ് വാസിപൂർ' അതിന്റെ റിയലിസത്തിന് പേരുകേട്ടതാണ്. അതിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ടേക്ക് സീക്വൻസാണ്. ഭ്രാന്തമായ വെടിവെയ്പ്പ്.. കാമറ പതറാതെ, ഇടുങ്ങിയ ഇടവഴികളിലൂടെ ഓടി നമ്മെ ഭയപ്പെടുത്തുന്നു. 'ദിൽ ധടക്‌നേ ദോ'യിലെ 'ഗല്ലൻ ഗുഡിയാൻ' എന്ന ഗാനം നാല് മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഷോട്ട് ആഘോഷമാണ്. ഒരു ക്രൂയിസ് കപ്പൽ അത്താഴവിരുന്നിന് കഥാപാത്രങ്ങൾ പാടുകയും നൃത്തം ചെയ്യുന്ന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2004 നവംബർ 7ന് സോണി ടിവി 'ദി ഇൻഹെറിറ്റൻസ്' എന്ന പേരിൽ സി.ഐ.ഡിയുടെ ഒരു പ്രത്യേക എപ്പിസോഡ് ഒരു കട്ട് പോലും കൂടാതെ പ്രദർശിപ്പിച്ചു. 111 മിനിറ്റ് ദൈർഘ്യമുള്ള എപ്പിസോഡ് വൺ-ഷോട്ട് ടെക്നിക് ഉപയോഗിച്ച് ചിത്രീകരിക്കാൻ തീരുമാനിച്ചു. അത് പിന്നീട് ചരിത്രത്തിന്റെ താളുകളിൽ ഇടം നേടി. ഏറ്റവും ദൈർഘ്യമേറിയ ഷോട്ട് എപ്പിസോഡിനുള്ള റെക്കോർഡ് മാത്രമല്ല, ഇതുവരെ ചിത്രീകരിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഷോട്ടിനുള്ള റെക്കോർഡും ഇത് സൃഷ്ടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.