റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽ ഒ.ടി.ടിയിൽ എത്തിയില്ലായിരുന്നെങ്കിൽ 'ലാപത ലേഡീസ്' വലിയ വിജയമാകുമായിരുന്നു -ആമിർ ഖാൻ
text_fieldsതിയറ്റർ റിലീസ് ചെയ്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചില്ലായിരുന്നുവെങ്കിൽ ലാപത ലേഡീസ് ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്ന് നടൻ ആമിർ ഖാൻ. ചിത്രത്തിന്‍റെ നിർമാതാവ് കൂടിയാണ് താരം. തിയറ്ററുകളിൽ ഒരു സിനിമയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന വ്യക്തമായ ചിത്രം ബോക്സ് ഓഫിസ് നൽകുന്നുവെന്ന് ആമിർ പറഞ്ഞു.
ആത്യന്തികമായി, ബോക്സ് ഓഫിസാണ് വളരെ കൃത്യമായ മാനദണ്ഡം നൽകുന്നത്. അവലോകനങ്ങൾ ആത്മനിഷ്ഠമാണെന്ന് അദ്ദേഹം പറഞ്ഞു. ചിലർക്ക് ഇഷ്ടമാകുന്ന സിനിമ മറ്റു ചിലർക്ക് ഇഷ്ടമാകണമെന്നില്ല. എന്നാൽ ബോക്സ് ഓഫിസ് വൈകാരികമല്ല. ഒരു സിനിമ എത്രമാത്രം നേടിയെന്ന് അത് വ്യക്തമായി പറയുന്നു, ഇത് വളരെ കൃത്യമായ അളവുകോലാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'2024 മാർച്ച് ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ലാപത ലേഡീസ് ഏപ്രിൽ 26 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങി. ലാപതാ ലേഡീസ് നെറ്റ്ഫ്ലിക്സിൽ ഇത്ര പെട്ടെന്ന് സ്ട്രീം ചെയ്തില്ലെങ്കിൽ, അത് തിയറ്ററുകളിൽ വലിയ വിജയമാകുമായിരുന്നു' - ആമിർ പറഞ്ഞു.
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്ലിങ് പിക്ചേഴ്സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ലാപത ലേഡീസ് നിര്‍മിച്ചത്. ഇന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

