മികച്ച ചിത്രം, സംവിധാനം, തിരക്കഥ; ജയ്പൂരിലെ ഐ.ഐ.എഫ്.ഐയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ലാപതാ ലേഡീസ്'
text_fieldsജയ്പൂർ: 2025ലെ ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി(ഐ.ഐ.എഫ്.ഐ)പുരസ്കാരങ്ങൾ വാരിക്കൂട്ടി കിരൺ റാവുവിന്റെ ലാപതാ ലേഡീസ്. ജയ്പൂരിൽ നടന്ന താരനിബിഡമായ ചടങ്ങിൽ മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുൾപ്പെടെ 10 പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ അവസാന റൗണ്ടിൽ പുറത്താവുകയായിരുന്നു.
ഐ.ഐ.എഫ്.ഐയിൽ കിരൺ റാവുവിന് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചു. ചിത്രത്തിൽ വധുവിന്റെ വേഷത്തിൽ തിളങ്ങിയ നിതാൻഷി ഗോയലിന് മികച്ച പ്രകടനത്തിന് പുരസ്കാരം ലഭിച്ചു.
ലാപതാ ലേഡീസിലൂടെ പുരസ്കാരത്തിന് അർഹയായതിൽ അത്യധികം സന്തോഷമുണ്ടെന്നും ഇതുപോലൊരു സിനിമയുണ്ടാക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും കിരൺ റാവു പ്രതികരിച്ചു. നടൻമാരിലെ മികച്ച പ്രകടനത്തിന് ഭൂൽ ഭുലയ്യ 3 എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാർത്തിക അർഹനായി.
സഹതാരങ്ങളായ രവി കിഷനും പ്രതിഭ റാന്തയും യഥാക്രമം മികച്ച സഹനടനുള്ള പുരസ്കാരവും മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള(വനിത) പുരസ്കാരവും നേടി.
ബിപ്ലബ് ഗോസ്വാമി (മികച്ച കഥ-ഒറിജിനൽ), സ്നേഹ ദേശായി(മികച്ച തിരക്കഥ), ജബീൻ മർച്ചന്റ്(മികച്ച എഡിറ്റിങ്)എന്നിവയുൾപ്പെടെ സാങ്കേതിക വിഭാഗങ്ങളിലും ലാപതാ ലേഡീസിന് പുരസ്കാരങ്ങൾ ലഭിച്ചു.
സജ്‌നി എന്ന ഗാനത്തിന് പ്രശാന്ത് പാണ്ഡെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി. രാം സമ്പത്തിന് മികച്ച സംഗീതജ്ഞനുള്ള പുരസ്‌കാരം ലഭിച്ചു. ശൈത്താൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ജാനകി ബോഡിവാല മികച്ച സഹനടിക്കുള്ള (സ്ത്രീ) പുരസ്കാരം സ്വന്തമാക്കി. കിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് രാഘവ് ജുയാൽ മികച്ച നെഗറ്റീവ് വേഷത്തിനുള്ള പുരസ്കാരവും നേടി.
മഡ്ഗാവ് എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ കുനാൽ കെമ്മു മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരവും കില്ലിലെ അഭിനയത്തിന് ലക്ഷ്യ ലാൽവാനി മികച്ച പുതുമുഖ നടനുള്ള പുരസ്കാരം നേടി. ശ്രീറാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ സുർത്തി, അനുകൃതി പാണ്ഡെ എന്നിവരടങ്ങിയ മെറി ക്രിസ്മസ് ടീമിന് മികച്ച കഥ അവാർഡും ലഭിച്ചു. അർജുൻ ധവാൻ, ആദിത്യ ധർ, ആദിത്യ സുഹാസ് ജംഭാലെ, മോണാൽ താക്കർ എന്നിവർക്ക് മികച്ച സംഭാഷണത്തിനുള്ള ട്രോഫി ആർട്ടിക്കിൾ 370 നേടി.
സാങ്കേതിക വിഭാഗങ്ങളിൽ റാഫി മഹമൂദിന് മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരവും സുബാഷ് സാഹു, ബോലോയ് കുമാർ ഡോലോയ്, രാഹുൽ കർപെ എന്നിവർക്ക് മികച്ച ശബ്ദ രൂപകൽപനക്കുള്ള പുരസ്‌കാരവും കിൽ അക്കൗണ്ടിലാക്കി.
വിക്കി കൗശൽ നായകനായ ബാഡ് ന്യൂസിലെ തൗബ തൗബ എന്ന ഗാനത്തിന് ബോസ്കോ-സീസറിന് മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചു. ചടങ്ങിൽ മുതിർന്ന ചലച്ചിത്ര നിർമാതാവ് രാകേഷ് റോഷന് ഇന്ത്യൻ സിനിമയിലെ മികച്ച നേട്ടത്തിനുള്ള അവാർഡ് നൽകി ആദരിച്ചു. മുതിർന്ന നടി രേഖയാണ് അദ്ദേഹത്തെ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

