ഒറ്റക്കാണ് ജീവിതം, അവൾ സന്തോഷത്തോടെയിരിക്കുന്നു; നടി കനകയെ നേരിൽ കണ്ടതിനെക്കുറിച്ച് കുട്ടി പദ്മിനി
text_fieldsതൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് കനക.2000ത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് കനകയുടെ പുതിയ ചിത്രമാണ്. നടി കുട്ടി പദ്മിനിയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ യുട്യൂബ് ചാനലിലൂടെ കനകയെ അന്വേഷിച്ചു പോയതും കണ്ടെത്തിയതിനെ കുറിച്ചും വിവരിക്കുന്നുണ്ട്.
'എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകളും പ്രിയപ്പെട്ട സഹോദരിയുമായ കനകയെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. സന്തോഷം നിർവചിക്കാൻ കഴിയില്ല. ഒരുമിച്ച് കുറച്ചു സമയം ചെലവഴിച്ചു- എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്.
'താമസിക്കുന്ന സ്ഥലത്ത് ഒരുപാട് അന്വേഷിച്ചാണ് കനകയെ കണ്ടെത്തിയത്. കനകയുടെ അമ്മയുടെ പേരായ ദേവിക എന്ന് വീടിന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. ഞാൻ അവിടെ ചെന്നപ്പോൾ വീടും ഗേറ്റുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്തുളളവരോട് ചോദിച്ചപ്പോൾ കനക ,എപ്പോള്‍ വരുമെന്നോ പോകുമെന്നോ അവർക്ക് അറിയില്ലെന്ന് പറഞ്ഞു. അവരുടെ അമ്മ ദേവിക എന്ത് വളരെ സ്നേഹമുള്ള സ്ത്രീയായിരുന്നു. മകള്‍ക്ക് ഈ ഗതി വന്നുവല്ലോ, അവളെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്നോര്‍ത്ത് ഞാൻ വല്ലാതെ വിഷമിച്ചു പോയി.
ഞാൻ അവിടെ നിൽക്കുമ്പോൾ ഒരു ഓട്ടോയില്‍ കനക വന്നു. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. നിനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല, ഞാന്‍ കുട്ടി പത്മിനി ആന്റിയാണെന്ന് സ്വയം പരിചയപ്പെടുത്തി. തിരിച്ച് ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക പറഞ്ഞു. പിന്നീട് എന്നോടൊപ്പം കാറിൽ കോഫി ഷോപ്പിലേക്ക് വന്നു. കാര്‍ റിപ്പയര്‍ ആയതുകൊണ്ട് ഓട്ടോയിലാണ് അവളുടെ യാത്രകൾ. അവളുടെ വീട്ടില്‍ ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പഴയ കാര്‍ കൊടുത്ത് പുതിയ കാര്‍ വാങ്ങണമെന്ന് ഞാൻ അവളോട് പറഞ്ഞു.
കോഫി ഷോപ്പില്‍ പോയി ഞങ്ങൾ കുറേനേരം സംസാരിച്ചു. കനക ഇപ്പോൾ നല്ല ക്യൂട്ട് ആന്റ് ബബ്ലി ആയിട്ടുണ്ട്. കോഫി ഷോപ്പിൽ നിന്ന് കേക്കും അവള്‍ക്ക് ഇഷ്ടപ്പെട്ടതൊല്ലാം വാങ്ങി കൊടുത്തു. പക്ഷെ ബില്ലടക്കാൻ എന്നെ അവൾ അനുവദിച്ചില്ല. കോഫി ഷോപ്പിലെ ബില്ല് അവൾ തന്നെ അടച്ചു.
ആരോടും ഒരു ബന്ധവും ഇല്ലാതെ ഒറ്റക്കാണ് ജീവിക്കുന്നത്. പഴയ വീടെല്ലാം കൊടുത്ത് നല്ല വീടൊക്കെ വാങ്ങി റാണിയെ പോലെ കഴിയണമെന്ന് ഞാന്‍ അവളോട് പറഞ്ഞു. 'അക്ക, സ്വത്തിന്റെ പേരിലുള്ള കോടതി പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ അച്ഛനുമായുള്ള പ്രശ്നമൊക്കെ തീർന്നെന്ന് 'പറഞ്ഞു. ഞാൻ ആ സമയം അവളുടെ അച്ഛനെ നേരില്‍ കണ്ട് സംസാരിക്കാനുള്ള തയാറെടുപ്പിലായിരുന്നു .
ഇപ്പോള്‍ കുറച്ച് ഭാരം കൂടിയിട്ടുണ്ട്. അതെങ്ങനെ കുറക്കാം എന്നൊക്കെ ഒരുപാട് സംസാരിച്ചു. കനക നന്നായിട്ട് നൃത്തം ചെയ്യുന്ന ആളാണ്. നിനക്ക് ഡാന്‍സ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ചേച്ചി ഞാന്‍ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയില്‍ എന്നൊക്കെ പറഞ്ഞു.
കനക ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ ഒരുപാട് പേര്‍ അവരെ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാന്‍ ഭയമാണ്. അമ്മ പൊത്തിവെച്ച് വളര്‍ത്തിയതാണ്. സിനിമ വിട്ട ശേഷം കോടതി കേസുകളില്‍ ജീവിതം പോയി. ആരെയും വിശ്വസിക്കാന്‍ പറ്റില്ല, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞു. ഭഗവാന്‍ കൃഷ്ണന്‍ അവള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കും എന്നെനിക്ക് നല്ല പ്രതീക്ഷയുണ്ട്'- കുട്ടി പദ്മിനി പറഞ്ഞു.

