ധനുഷിന്‍റെ 'കുബേര' ഒ.ടി.ടിയിലേക്ക്
text_fieldsധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര ഒ.ടി.ടിയിലേക്ക്. ആമസോണ്‍ പ്രൈം വിഡിയോയാണ് സിനിമയുടെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. ജൂലൈ 18നായിരിക്കും സ്ട്രീമിങ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. കുബേര ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്. ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി. കേരളത്തിലും ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും മികച്ച പ്രതികരണമാണ് നേടുന്നത്. നോർത്ത് അമേരിക്കയിൽ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി കുബേര മാറിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനത്തേക്കാൾ കൂടുതൽ ടിക്കറ്റുകളാണ് ചിത്രത്തിന് രണ്ടാം ദിനം ബുക്ക് മൈ ഷോയിലൂടെ വിറ്റു പോയത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും രശ്‌മിക മന്ദാനയും എത്തുന്നുണ്ട്.
ഈ വർഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമിച്ച കുബേര അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

