സംവിധായകൻ കെ.എസ്. സേതുമാധവൻ അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത സിനിമ സംവിധായകൻ കെ.എസ്. സേതുമാധവൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുമായി 60ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനിൽ നിന്ന് ജെ.സി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങുന്നു
സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ പാലക്കാടായിരുന്നു സേതുമാധവന്‍റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി.
നടൻ സത്യനോടൊപ്പം സേതുമാധവൻ
സിനിമയിൽ എത്തിയത് സംവിധായകൻ കെ. രാംനാഥിന്‍റെ സഹായിയായിട്ടായിരുന്നു എൽ.വി പ്രസാദ്, എ.എസ്.എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. 1960ൽ 'വീരവിജയ' എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനായിരുന്നു സേതുമാധവൻ.
നടൻ കമൽഹാസനോടൊപ്പം സേതുമാധവൻ
സത്യന്‍റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്‍റെ ചിത്രങ്ങളിലായിരുന്നു. കമൽഹാസനെ ബാലതാരമായും 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെ കമൽഹാസനെ നായകനായും അവതരിപ്പിച്ചു. 1971ൽ സേതുമാധവന്‍റെ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെയും 1965ൽ 'ഒാടയിൽ നിന്ന്' എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയെയും വെള്ളിത്തിരയിലെത്തിച്ചു.
നടൻ എം.ജി.ആറും സേതുമാധവനും
ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, കരകാണാകടൽ, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മകൾ മരിക്കുമോ, നക്ഷത്രങ്ങളേ കാവൽ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. 1991ൽ പുറത്തിറങ്ങിയ 'വേനൽകിനാവുകളാ'ണ് അവസാന ചിത്രം.
നടൻ മോഹൻലാലിനൊപ്പം സേതുമാധവൻ
ദാഹം, മറുപക്കം എന്നീ സിനിമകളുടെ തിരക്കഥ നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമകളിലെ പല ക്ലാസിക് ഗാനങ്ങളും പിറന്നത് സേതുമാധവൻ സിനിമകളിലൂടെയാണ്.
എം.ടി വാസുദേവൻ നായരും സേതുമാധവനും
10 തവണ ദേശീയ പുരസ്കാരവും എട്ടു തവണ സംസ്ഥാന പുരസ്കാരവും നാലു തവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് 2009ൽ ജെ.സി ഡാനിയൽ പുരസ്കാരം നൽകി കേരള സർക്കാർ ആദരിച്ചിട്ടുണ്ട്. ഭാര്യ: വത്സല, മക്കൾ: സന്തോഷ്, ഉമ, സോനുകുമാർ.
സേതുമാധവനും ഭാര്യ വത്സലയും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.