ഇടുക്കിയുടെ മലനിരകളിൽ ഒളിപ്പിച്ച നിഗൂഢതയുമായി ‘കൂടോത്രം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
text_fieldsമലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത ‘കൂടോത്രം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരും പ്രശസ്ത ഛായാഗ്രഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവരും സോഷ്യൽ മിഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കി. ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ഴോണറുകളെ കൂട്ടിയിണക്കി എത്തുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിന്റെയും കൗതുകത്തിന്റെയും നിഴൽ വീഴ്ത്തുന്നതാകും ചിത്രന്റെ പ്രമേയം എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന.
നടൻ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഇടുക്കി ആണ്. സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സലിം കുമാർ, ഡിനോയ് പൗലോസ്, ശ്രീനാഥ് മകന്തി, അലൻസിയർ, ജോയ് മാത്യു, ശ്രീജിത്ത് രവി, റേച്ചൽ ഡേവിഡ്, ദിയ, വീണ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീത ലോകത്ത് വിസ്മയം തീർക്കുന്ന ഗോപീ സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.
ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവർ ഛായാഗ്രഹണവും ഗ്രെയ്‌സൺ എ.സി.എ എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രത്തിന്റെ മിക്സിങ് കൈകാര്യം ചെയ്തിരിക്കുന്നത് എം.ആർ. രാജകൃഷ്ണൻ ആണ്. വമ്പൻ ആക്ഷൻ രംഗങ്ങളുമായി ഫിനിക്സ് പ്രഭു ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ബ്രാൻഡിങ് നിർവഹിക്കുന്നത് ടിക്സ്പീക്ക് ആണ്.
നിഗൂഢതകളുടെ ചുരുളഴിക്കാൻ ‘കൂടോത്രം’ ഫെബ്രുവരി രണ്ടാം വാരത്തോടെ തിയേറ്ററുകളിൽ എത്തും. ഇടുക്കിയുടെ ഗ്രാമഭംഗിയിൽ ഒളിപ്പിച്ച ആ രഹസ്യം ബിഗ് സ്ക്രീനിൽ കാണാൻ ഇനി അധികം നാൾ കാത്തിരിക്കേണ്ടതില്ല!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

