പൃഥ്വിരാജിന്റെ 'ഖലീഫ' ഒ.ടി.ടിയിലെത്തി; ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു
text_fieldsവൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തിയ ബിഗ് ബഡ്ജറ്റ് മാസ് ആക്ഷൻ ചിത്രം 'ഖലീഫ' ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ലഭ്യമാണ്.
തിയേറ്ററുകളിൽ മികച്ച സ്വീകാര്യതയും ബോക്‌സ് ഓഫീസ് നേട്ടവും കൈവരിച്ച ശേഷമാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ആഗോളതലത്തിൽ 50 കോടിയിലധികം രൂപ നേടിയ ചിത്രം, റിലീസ് ചെയ്ത ആദ്യദിനം മാത്രം 14.5 കോടി രൂപയുടെ ഗംഭീര ഓപ്പണിങ് സ്വന്തമാക്കിയിരുന്നു.
പൃഥ്വിരാജ് 'മാമ്പറക്കൽ ആമിർ അലി' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, 'മാമ്പറക്കൽ അഹമ്മദ് അലി'യായി മോഹൻലാലും 'ഐവർ അലക്സാണ്ടർ' ആയി ടോവിനോ തോമസും അതിഥി വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ചിത്രത്തിന്റെ റിലീസ് ദിനത്തിൽ തന്നെ ഇതിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ നായകനാകുന്ന രണ്ടാം ഭാഗം, സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിലൊരുങ്ങുന്ന വമ്പൻ എന്റർടെയ്‌നർ ആയിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

