'എനിക്ക് കല്യാണം ഇഷ്ടമല്ല, പക്ഷേ...'-'കെ.ജി.എഫ് 2'ലെ മാസ്സ് ഡയലോഗുമായി കല്യാണക്കുറി
text_fieldsബംഗളൂരു: രാജ്യത്ത് ഇപ്പോൾ 'കെ.ജി.എഫ് 2' തരംഗമാണ്. യഷ് നായകനായ സിനിമ ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലെ മാസ്സ് ഡയലോഗുകൾ പറഞ്ഞുനടക്കുകയാണ് കെ.ജി.എഫ് ആരാധകർ.
സിനിമയിലെ ഒരു ഹിറ്റ് ഡയലോഗ് കല്യാണക്കുറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഒരു ആരാധകൻ. കർണാടക ബലഗാവിയിൽനിന്നുള്ള ചന്ദ്രശേഖർ എന്ന യുവാവാണ് തന്റെ വിവാഹ ക്ഷണക്കത്തിൽ കെ.ജി.എഫ് ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. 'വയലൻസ്, വയലൻസ്, വയലൻസ്...ഐ ഡോണ്ട് ലൈക്ക് ഇറ്റ്. ഐ അവോയ്ഡ്. ബട്ട് വയലൻസ് ലൈക്ക്സ് മീ. ഐ കാണ്ട് അവോയ്ഡ്' (അക്രമം എനിക്ക് ഇഷ്ടമല്ല. ഞാൻ ഒഴിവാക്കാൻ നോക്കാറുണ്ട്. പക്ഷേ, അക്രമത്തിന് എന്നെ ഇഷ്ടമാണ്. എനിക്കത് ഒഴിവാക്കാനാകില്ല) എന്നാണ് സിനിമയിലെ ഡയലോഗ്.
'മാര്യേജ്, മാര്യേജ്, മാര്യേജ്. ഐ ഡോണ്ട് ലൈക്ക് ഇറ്റ്. ഐ അവോയ്ഡ്. ബട്ട് മൈ റിലേറ്റീവ്സ് ലൈക്ക് മാര്യേജ്. ഐ കാണ്ട് അവോയ്ഡ്' (വിവാഹം എനിക്ക് ഇഷ്ടമല്ല. ഞാൻ ഒഴിവാക്കാൻ നോക്കാറുണ്ട്. പക്ഷേ, എന്റെ ബന്ധുക്കൾക്ക് വിവാഹം ഇഷ്ടമാണ്. എനിക്കത് ഒഴിവാക്കാനാകില്ല) എന്നാണ് ചന്ദ്രശേഖർ കല്യാണക്കുറിയിൽ അച്ചടിച്ചിരിക്കുന്നത്. മേയ് 13നാണ് ശ്വേതയുമായുള്ള ചന്ദ്രശേഖറിന്റെ വിവാഹം.

