'187 സിനിമക്കും പ്രദർശനാനുമതി തന്നില്ല, മേള നടക്കില്ലെന്ന അവസ്ഥയായിരുന്നു; കേരളത്തിന്‍റെ നിലപാട് കാരണമാണ് 19ൽ 12 സിനിമയും പ്രദർശിപ്പിക്കാനായത്' -റസൂൽ പൂക്കുട്ടി
text_fieldsതിരുവനന്തപുരം: 30ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകളുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ റസൂൽ പൂക്കുട്ടി. എന്തുകൊണ്ടാണ് സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്തത് എന്നതിന് ഒരു കാരണവും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി അറിയിച്ചു.
'ചലചിത്രമേളയുടെ സമയത്ത് ഞാൻ ഇവിടെ ഉണ്ടാകില്ല എന്നറിയിച്ച് തന്നെയാണ് അക്കാദമി ചെയർപേഴ്സൺ സ്ഥാനം ഏറ്റെടുത്തത്. അക്കാദമിയുടെ എല്ലാ പ്രവർത്തനത്തിലും ചെയർപേഴ്സൺ എന്ന നിലയിൽ തീരുമാനം എടുത്തിട്ടുണ്ട്. അതിലൊന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഞാൻ ഇവിടെ ഉണ്ടായിരുന്നു എങ്കിലും ഇവിടെയുണ്ടായ പ്രശ്നങ്ങൾ ഉണ്ടായേനെ. സിനിമകൾക്ക് അനുമതി ലഭിക്കാത്തതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രശ്നം' -റസൂൽ പൂക്കുട്ടി പറഞ്ഞു.
'പല രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് കേന്ദ്രം അനുമതി തന്നിട്ടില്ല. അത് വിദേശകാര്യ നിയമവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഏതൊക്കെ രാജ്യമാണെന്ന് ഇപ്പോൾ പറയുന്നില്ല. പിന്നെയാണ് സിനിമയുടെ ലിസ്റ്റ് കൊടുക്കുന്നത്. 187 സിനിമകൾക്കും പ്രദർശനാനുമതി തരുന്നില്ല എന്ന് കേന്ദ്ര മന്ത്രാലയം പറഞ്ഞു. ഒരുഘട്ടത്തിൽ ചലചിത്രമേള നടക്കില്ലെന്ന അവസ്ഥയുണ്ടായിരുന്നു. പിന്നെ, മറ്റു പലരുമായും ബന്ധപ്പെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. ശശി തരൂർ ഇതിൽ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. പിന്നീടാണ് സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേർത്തു.
അനുമതി നൽകാമെന്ന് പറഞ്ഞ പല സിനിമകൾക്കും റിട്ടേൺ ഓർഡറിൽ അനുമതി നൽകിയിരുന്നില്ലെന്നും അങ്ങനെയാണ് പ്രദർശനം ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മന്ത്രിയോടും മുഖ്യമന്ത്രിയോടുമുള്ള ചർച്ചക്ക് ശേഷമാണ് കേരളം ഒരു രാഷ്ട്രീയ നിലപാട് എടുക്കുന്നത്. എന്തുവന്നാലും ഈ സിനിമകൾ കാണിക്കും എന്ന നിലപാട് സംസ്ഥാനം എടുത്തത് കൊണ്ട് മാത്രമാണ് 19 സിനിമകളിൽ 12 സിനിമകൾക്കും അനുമതി തന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് സിനിമകൾ പ്രദർശിപ്പിക്കാത്തത് എന്നതിന് ഒരു കാരണവും പറഞ്ഞിട്ടില്ല എന്നും റസൂൽ പൂക്കുട്ടി അറിയിച്ചു.
അതേസമയം, ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

