സിനിമയുടെ പേരിനെന്താണ് പ്രശ്നം ; ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കാണാൻ ഹൈകോടതി
text_fieldsകൊച്ചി: ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈകോടതി. സെൻസർ ബോർഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് ജഡ്ജിക്ക് മുന്നിൽ സിനിമ പ്രദർശിപ്പിക്കും. സിനിമ കണ്ട ശേഷം ഹരജിയിൽ തീരുമാനമെടുക്കും.
പാലാരിവട്ടത്തെ ലാൽ മീഡിയയിലാണ് സിനിമ പ്രദർശിപ്പിക്കുക. സിനിമ കണ്ടതിന് ശേഷം ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും. സുരേഷ് ഗോപി നായകനായ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹരജിയിലാണ് തീരുമാനം.
സിനിമ ചില മതവിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിലുള്ളത്. എന്നാൽ ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. രാജ്യത്തെ 80 ശതമാനം ആളുകൾക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടി.
സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു. ജൂൺ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാമനുമതി നിഷേധിച്ചത്.
ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്.
വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
കോസ്‌മോസ് എന്‍റർടൈൻമെന്‍റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് സിനിമയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

