140 ദിവസം നീണ്ട ചിത്രീകരണത്തിനൊടുവിൽ ‘കാട്ടാളന്’ പാക്കപ്പ്
text_fieldsക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ എത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമക്ക് പാക്കപ്പ്. ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷമാണ് ചിത്രത്തിന്റെ പാക്കപ്പ് പ്രഖ്യാപിച്ചത്. ആക്ഷൻ രംഗങ്ങളും മികച്ച പ്രകടനങ്ങളും നിറഞ്ഞ ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. മെയ് മാസത്തിലാണ് റിലീസ്.
കാടിന്‍റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വിഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. കാട്ടുകൊമ്പനുമായുള്ള ഗംഭീര സംഘട്ടന രംഗങ്ങളുമായെത്തിയ ടീസർ ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള സംഘട്ടനരംഗങ്ങളാണ് പ്രേക്ഷകരുടെ കൺമുന്നിൽ ചിത്രത്തിലൂടെ എത്തുന്നതെന്ന സൂചന നൽകി കഴിഞ്ഞിട്ടുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വി.എഫ്.എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് നായിക. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലാൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ലോക പ്രശസ്ത തായ്‌ലാൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ ആന്‍റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്.
എഡിറ്റിങ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡി.ഒ.പി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വി.എഫ്.എക്സ് ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

