കോടികൾ പ്രതിഫലം വേണ്ട; പാൻമസാലയുടെ പരസ്യം നിരസിച്ച് നടൻ കാർത്തിക് ആര്യൻ
text_fieldsകോടികൾ പ്രതിഫലം വാഗ്ദാനം ചെയ്ത പാൻമസാലയുടെ പരസ്യം നിരസിച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ. 8 മുതൽ 9 കോടി രൂപവരെയാണ് നടന് ഓഫർ ചെയ്തത്. ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് നടൻ പരസ്യം നിരസിക്കുകയായിരുന്നു. ഒരു പ്രമുഖ പരസ്യ നിർമാതാവിനെ ഉദ്ധരിച്ച് ബോളിവുഡ് ഹങ്കാമയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരമൊരു വലിയ പ്രതിഫലം ഓഴിവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു യുവതാരമെന്ന നിലയിൽ കാർത്തിക്കിന് സമൂഹത്തിനോട് ഒരു ഉത്തരവാദിത്വമുണ്ട്- നിർമാതാവ് പറഞ്ഞു.
' 8-9 കോടി രൂപ പ്രതിഫലം ഓഫർ ചെയ്ത പാൻമസാലയുടെ പരസ്യം നടൻ കാർത്തിക് ആര്യൻ നിരസിച്ചത് സത്യമാണ്. ഇത്രയും വലിയൊരു തുക വേണ്ടെന്ന് പറയുന്നത് എളുപ്പമല്ല. ഒരു യുവതാരം എന്ന നിലയിൽ തന്റെ കടമകളിൽ അദ്ദേഹം ബോധവാനാണ്. ഇന്നത്തെ അഭിനേതാക്കളിൽ വളരെ ചെറിയ ഭാഗം ആളുകൾ മാത്രമേ ഇങ്ങനെ ചിന്തിക്കു'- നിർമാതാവ് ബോളിവുഡ് ഹങ്കാമയോട് പറഞ്ഞു.
നടന്മാരായ അല്ലു അർജുൻ, അക്ഷയ് കുമാർ എന്നിവർ അടുത്തിടെ പാൻ മസാലയുടെ പരസ്യത്തിൽ നിന്ന് പിൻമാറിയിരുന്നു. പരസ്യത്തിന്റെ പേരിൽ അക്ഷയ് കുമാറിനെതിരെ വിമർശനം ശക്തമായതോടെ നടൻ ആരാധകരോട് മാപ്പ് പറയുകയും ചെയ്തു.