'നിങ്ങൾ ചരിത്രകാരനാണോ' ? മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമായിരുന്നു, കമൽഹാസനെതിരെ കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ‘കന്നട തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്’ എന്ന തമിഴ് നടൻ കമൽഹാസന്റെ വിവാദ പ്രസ്താവനക്കെതിരെ കർണാടക ഹൈകോടതി ചൊവ്വാഴ്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരാമർശത്തിന് നടൻ മാപ്പുപറയണമെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ‘തഗ് ലൈഫ്’ എന്ന സിനിമയുടെ റിലീസിന് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ക്ഷമാപണം നടത്തുകയാണെങ്കിൽ മാത്രമേ പരിഗണിക്കൂ എന്ന് കോടതി മുന്നറിയിപ്പ് നൽകി.
‘‘ഒരു ഭാഷ മറ്റൊന്നിൽ നിന്ന് ഉത്ഭവിച്ചതായി എങ്ങനെ പറയാൻ കഴിയും? കന്നട തമിഴിൽ നിന്നാണ് ജനിച്ചതെന്ന് അവകാശപ്പെടാൻ കമൽഹാസൻ ഒരു ചരിത്രകാരനാണോ?’’ എന്ന ചോദ്യത്തോടെ കോടതി പ്രസ്താവനക്ക് പിന്നിലെ യുക്തി ചോദ്യം ചെയ്തു. സമാനമായ ഒരു പരാമർശത്തിന് സി. രാജഗോപാലാചാരി പോലും ഒരിക്കൽ ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന ചൂണ്ടിക്കാട്ടി.
‘‘ഇന്നത്തെ സാഹചര്യത്തിന് നിങ്ങൾ ഉത്തരവാദിയാണ്. അത്തരം പ്രസ്താവനകൾ നടത്തരുത്. കമൽഹാസൻ ഒരു സാധാരണക്കാരനല്ല, മറിച്ച് ഒരു പൊതുപ്രവർത്തകനാണ്. ആദ്യം അദ്ദേഹം ക്ഷമാപണം നടത്തട്ടെ, അതിനുശേഷം മാത്രമേ ഞങ്ങൾ ഹരജി പരിഗണിക്കൂ’’-ജഡ്ജി പറഞ്ഞു. കോടതി വാദം കേൾക്കൽ 2.30ലേക്ക് മാറ്റിവെച്ചു. തുടർന്ന് നടന്റെ അഭിഭാഷകന്റെ വാദം കേട്ട കോടതി കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ 10 ലേക്ക് മാറ്റി. നടൻ ക്ഷമാപണം നടത്തിയിരുന്നെങ്കിൽ വിവാദം അവസാനിക്കുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗപ്രസന്ന ആവർത്തിച്ചു.
‘‘അഭിപ്രായം അറിയിക്കുക മാത്രമാണ് തന്റെ (നടന്റെ) വാക്കുകളുടെ ഉദ്ദേശ്യമെന്നും കന്നടയെ ഒരു തരത്തിലും കുറച്ചുകാണാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കമൽഹാസൻ എഴുതിയ കത്ത് ഉദ്ധരിച്ച് നടന്റെ അഭിഭാഷകൻ പറഞ്ഞു. കന്നടയോടുള്ള തന്റെ സ്നേഹം ആത്മാർഥമാണെന്ന് കമൽഹാസൻ പറഞ്ഞതായും കന്നടക്കാർക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തെ അദ്ദേഹം വളരെയധികം ബഹുമാനിക്കുന്നുവെന്നും അഭിഭാഷകൻ വാദിച്ചു.
കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിനെ അഭിസംബോധന ചെയ്ത കത്തിൽ, ഒരു വാചകം കൂടി ചേർക്കണമെന്നതൊഴിച്ചാൽ ബാക്കി എല്ലാം ശരിയാണെന്ന് കോടതി വാക്കാൽ പറഞ്ഞു. ‘‘ഇത് വ്യക്തമാക്കാൻ നിരവധി മാർഗങ്ങളുണ്ട്, ക്ഷമാപണം നടത്താനും ഒരു മാർഗമുണ്ട്,’’- കോടതി പറഞ്ഞു. ‘‘ഇവിടെയാണ് നിങ്ങൾ നിങ്ങളുടെ അഹങ്കാരത്തിൽ ഉറച്ചുനിൽക്കുന്നത്. അത് കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം. അത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരമാണ്. പ്രശ്നത്തിന്റെ വ്യാപ്തി നിങ്ങൾ മനസ്സിലാക്കണം.
അത് മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ പ്രസ്താവന മറ്റെല്ലാം നിർത്തലാക്കും. അത് ആ പരിധിയിലാണ് നിൽക്കുന്നത്’’- കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ, കക്ഷികൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതുവരെ കാത്തിരിക്കാമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

