'മെറ്റൽ അവരുടെ ശരീരത്തിൽ കുത്തികയറി രക്തം ഒഴുകിക്കൊണ്ടിരുന്നു'; കരിഷ്മ കപൂറിനു സംഭവിച്ചത് വെളിപെടുത്തി കോസ്റ്റ്യൂം ഡിസൈനർ
text_fieldsസൽമാൻ ഖാനും കരിഷ്മ കപൂറും
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്ന താരസുന്ദരിയാണ് കരിഷ്മ കപൂർ. കപൂർ കുടുംബത്തിന്‍റെ അഭിനയ പാരമ്പര്യത്തിന് കോട്ടം വരുത്താതെ സഹോദരിമാരായ കരിഷ്മയും കരീനയും ബോളിവുഡിലെ ഡിമാന്‍റുള്ള താരങ്ങളായി മാറി. 1990കളിൽ ഒട്ടനേകം ഹിറ്റുകളാണ് കരിഷ്മ സ്വന്തമാക്കിയത്. എന്നാൽ ഡേവിഡ് ദവാന്‍റെ ബിവ നമ്പർ വൺ എന്ന ചിത്രത്തിൽ താരത്തിനുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ ആഷ്ലി റെബെല്ലൊ.
ബിവ നമ്പർ വണ്ണിൽ സുസ്മിത സെന്നിനും സൽമാൻ ഖാനുമൊപ്പമാണ് കരിഷ്മ അഭിനയിച്ചിരുന്നത്. ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ കരിഷ്മയുടെ മെറ്റൽ വസ്ത്രത്തിന്‍റെ കൂർത്ത ഒരു ഭാഗം ശരീരത്തിൽ കുത്തികയറുകയും ദേഹം മുറിഞ്ഞ് ചോര ഒലിച്ചിറങ്ങുകയുമുണ്ടായി. 'ഞങ്ങൾ ഒരു ഗാനം ചിത്രീകരിക്കുകയായിരുന്നു. അതിനായി ഞാൻ കരിഷ്മക്ക് ഒരു മെറ്റൽ ഡ്രസ്സ് നൽകി. ഡാൻസിനിടെ മെറ്റൽ അവരുടെ ശരീരത്തിൽ കുത്തികയറി രക്തം ഒഴുകിക്കൊണ്ടിരുന്നു. സ്വർണനിറമുള്ള ഡ്രസ്സിൽ ചുവപ്പ് കലർന്നു വരുന്നത് ഞാൻ കണ്ടു'. കരിഷ്മയുടെ വസ്ത്രത്തിൽ മുഴുവൻ രക്തം ഒഴുകിയിരുന്നതിനാൽ സാഹചര്യം പരിഹരിക്കാൻ അവർ ഉടൻ ഷൂട്ടിങ് നിർത്തിയെന്ന് ആഷ്‌ലി പറഞ്ഞു. ഇനി നാളെ ഷൂട്ട് തുടരാമെന്ന് നൃത്തസംവിധായകൻ കരിഷ്മയോട് പറഞ്ഞപ്പോൾ അതേ ദിവസം തന്നെ ഷൂട്ട് പൂർത്തിയാക്കണമെന്ന് നടി നിർബന്ധിക്കുകയായിരുന്നു.
'ഇത് ഒരു ഫുൾ സെറ്റ് ആണ്, ഷൂട്ടിങ് നമുക്ക് പൂർത്തിയാക്കാമെന്നായിരുന്നു കരിഷ്മ പറഞ്ഞത്. അവർ അത്ര പ്രൊഫഷണലാണ്. ഞങ്ങൾ ഷൂട്ടിങ് പൂർത്തിയാക്കി. അടുത്ത ദിവസം ഞാൻ ആ വസ്ത്രം മാറ്റി' അദ്ദേഹം പങ്കുവെച്ചു. വസ്ത്രത്തിനടിയിൽ ഒരു ബാൻഡേജ് ചേർത്ത് ചർമ്മത്തിന്റെ നിറമുള്ള ഒരു വസ്ത്രം കൊണ്ട് മൂടി. തുടർന്ന് ഷൂട്ടിന്റെ ആ ഭാഗം പൂർത്തിയാക്കാൻ മെറ്റൽ ഡ്രസ്സ് മുകളിൽ വെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് ആഷ്‌ലി കരിഷ്മയോട് എന്തുകൊണ്ടാണ് നേരത്തെ മുറിവുണ്ടായ കാര്യം പറയാതിരുന്നെന്നു ചോദിച്ചപ്പോൾ, ആ വസ്ത്രം തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് താൻ പോലും തിരിച്ചറിഞ്ഞില്ലെന്നായിരുന്നു കരിഷ്മയുടെ മറുപടി. 'അവർ വളരെ അർപ്പണബോദമുള്ള ഒരു നടിയാണ്' എന്ന് ഗലാട്ട ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

