
'പരിയേറും പെരുമാൾ' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി കരൺ ജോഹർ
text_fieldsമുംബൈ: തമിഴകത്തെ ജാതീയ അസമത്വത്തെ തുറന്നുകാണിക്കുന്ന മാരി സെൽവരാജിന്റെ 'പരിയേറും പെരുമാൾ' സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി ബോളിവുഡിലെ പ്രമുഖ സംവിധായകൻ കരൺ ജോഹർ. കതിർ, ആനന്ദി, യോഗി ബാബു തുടങ്ങിയവർ വേഷമിട്ട ചിത്രം സിനിമ ലോകത്ത് കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. 2018ൽ പുറത്തിറങ്ങിയ ചിത്രം നിരവധി പ്രശംസയും പിടിച്ചുപറ്റിയിരുന്നു.
കരൺ ജോഹർ റീമേക്ക് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാകും പരിയേറും പെരുമാൾ. 'കരൺ ജോഹർ റീമേക്കിന് അവകാശം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് പരിേയറും പെരുമാൾ. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങൾ അദ്ദേഹം റീമേക്ക് െചയ്തിരുന്നു. ഇപ്പോൾ പരിയേറും പെരുമാളിന്റെയും റീമേക്ക് അവകാശം സ്വന്തമാക്കി. മലയാളം ചിത്രമായ 'ഡ്രൈവിങ് ലൈസൻസി'ന്റെ റീമേക്ക് അവകാശം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രം പുരോഗമിക്കുകയാണ്' -അടുത്ത വൃത്തങ്ങൾ പറയുന്നു.
ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തഴുന്നേൽപ്പിന്റെ കഥയാണ് പരിയേറും പെരുമാൾ. കറുപ്പിയെന്ന നായ്യുടെ കൊലപാതകവും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പാ രജ്ഞിത്താണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്.
