'കുച്ച് കുച്ച് ഹോത്താ ഹേ' റിമേക്ക് ചെയ്താൽ ആരൊക്കെ അഭിനയിക്കും -കരൺ ജോഹർ പറയുന്നു
text_fieldsചില സിനിമകൾ എല്ലാകാലത്തേയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. 'കുച്ച് കുച്ച് ഹോത്താ ഹേ' അത്തരത്തിലൊരു സിനിമയാണ്. റിലീസ് ചെയ്ത് 27 വർഷങ്ങൾക്ക് ശേഷവും, ഈ ചിത്രം പ്രേക്ഷക പ്രീതി നേടുന്നുണ്ട്. ഇന്ന് തന്‍റെ ഐക്കണിക് പ്രണയകഥ പുനർസൃഷ്ടിച്ചാൽ ഏത് അഭിനേതാക്കളെയാണ് തെരഞ്ഞെടുക്കുന്നത് എന്ന് ചിത്രത്തിന്‍റെ സംവിധായകനായ കരൺ ജോഹർ വെളിപ്പെടുത്തിയിരിക്കുകയാണ്. രൺബീർ കപൂർ, ദീപിക പദുക്കോൺ, കിയാര അദ്വാനി തുടങ്ങിയ മുൻനിര താരങ്ങൾ അക്കൂട്ടത്തിലില്ല എന്നതാണ് ശ്രദ്ധേയം.
സാനിയ മിർസയുമായുള്ള ഒരു സംഭാഷണത്തിലാണ് റിമേക്ക് ചെയ്താൽ ആരൊക്കെയാകും എന്നതിനെക്കുറിച്ച് കരൺ ജോഹർ സംസാരിച്ചത്. ആലിയ ഭട്ട് അഞ്ജലിയായി വേഷമിടുമെന്നും, രൺവീർ സിങ് രാഹുലിന്റെ വേഷത്തിലേക്ക് എത്തുമെന്നും, അനന്യ പാണ്ഡെ ടീനയുടെ വേഷം നൽകുമെന്നും അദ്ദേഹത്തിന്റെ പറഞ്ഞു. ടീനയുടെ വേഷം ജാൻവി കപൂറിനോ സാറാ അലി ഖാനോ ഏറ്റെടുക്കാമെന്നും അദ്ദേഹം സൂചന നൽകി. നെപ്പോട്ടിസത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രശസ്തരായ മാതാപിതാക്കളുടെ അഭ്യർഥനപ്രകാരം ആരെയും അഭിനയിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'കുച്ച് കുച്ച് ഹോത്താ ഹേ'യുടെ 27-ാം വാർഷികത്തിൽ ചിത്രത്തിന്റെ സെറ്റുകളിൽ നിന്നുള്ള ചില അപൂർവ ചിത്രങ്ങൾ കരൺ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി, ഫറാ ഖാൻ, അർച്ചന പുരൺ സിങ്, അനുപം ഖേർ, യാഷ് ജോഹർ എന്നിവരുടെ ചിത്രങ്ങളാണ് കരൺ പങ്കുവെച്ചത്.
ചിത്രങ്ങളോടൊപ്പം, പശ്ചാത്തല സംഗീതമായി ഐക്കണിക് ട്രാക്കായ 'തും പാസ് ആയേ' ആണ് കരൺ ചേർത്തത്. '27 വർഷങ്ങൾ!!! കുച്ച് കുച്ച് ഹോത്താ ഹേയുടെ സെറ്റിൽ നിന്നുള്ള ചില മനോഹരമായ ഓർമകൾ... പ്രണയം, കളിയാക്കൽ, സന്തോഷം എന്നിവ നിറഞ്ഞ ഒരു സെറ്റ്. ഈ സിനിമക്ക് ഇപ്പോഴും നൽകുന്ന സ്നേഹത്തിന് എല്ലാവർക്കും നന്ദി...' -അദ്ദേഹം എഴുതി.
1998 ഒക്ടോബർ 16ന് ദീപാവലി വാരാന്ത്യത്തിൽ പുറത്തിറങ്ങിയ 'കുച്ച് കുച്ച് ഹോത്താ ഹേ' ഒരു വലിയ വാണിജ്യ വിജയമായിരുന്നു. യാഷ് ജോഹർ നിർമിച്ച റൊമാന്റിക് കോമഡി-ഡ്രാമ, സുഹൃത്തുക്കളായ രാഹുൽ, അഞ്ജലി, ടീന എന്നിവരുടെ ട്രയാങ്കിൾ ലവ് സ്റ്റോറിയായിരുന്നു. 1998ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രമായും അക്കാലത്ത് മൊത്തത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും 'കുച്ച് കുച്ച് ഹോത്താ ഹേ' മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

